സംസ്ഥാന കശുവണ്ടി വികസന കോർപറേഷന്റെ ആഭിമുഖ്യത്തിൽ ഓണത്തിന് പുതിയ എട്ട് ഇനം കശുവണ്ടി ഉൽപ്പന്നങ്ങൾ വിപണിയിലിറക്കി. ഇതോടെ 24 ഇനം മൂല്യവർധിത ഉൽപ്പന്നങ്ങളാണ് വിപണിയിൽ എത്തുന്നത്. കാഷ്യു വിറ്റ പിസ്ത, കാർഡമം, വാനില, ചോക്ളേറ്റ്, വാനില മിൽക്ക് ഷേക്ക്, ഫ്ലവേഡ് കാഷ്യു ഉത്പന്നങ്ങൾ (ചില്ലി, ഗാർളിക് കോട്ടഡ് കാഷ്യു, സാൾട്ട് ആന്റ് പെപ്പർ കോട്ടഡ് കാഷ്യു, റെഡ് ചില്ലി കോട്ടഡ് കാഷ്യു) കാഷ്യു വിറ്റ, കാഷ്യു പൗഡർ, കാഷ്യു സൂപ്പ്, കാഷ്യു സോഡ, കാഷ്യു ആപ്പിൾ സ്‌ക്വാഷ്, കാഷ്യു പൈൻ ജാം തുടങ്ങിയവയാണ് വിപണിയിലെ ഉത്പന്നങ്ങൾ.

പുതിയ ഉൽപ്പന്നങ്ങൾ വ്യവസായ മന്ത്രി പി. രാജീവ് ധനമന്ത്രി കെ. എൻ. ബാലഗോപാലിന് നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ തൊഴിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ, ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.

കർഷകരിൽ നിന്ന് നേരിട്ട് സഹകരണ ബാങ്കുകൾ വഴി കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്ന് സമാഹരിച്ച നാടൻ തോട്ടണ്ടിയിൽ നിന്നുള്ള കശുവണ്ടിപ്പരിപ്പാണ് ഓണക്കാലത്ത് കോർപറേഷൻ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഓണത്തിന് ഔട്ട്ലെറ്റുകൾ വഴി 30 ശതമാനം ഡിസ്‌കൗണ്ടിലാണ് വിൽപന. കാഷ്യു കോർപറേഷന്റെ ഒരു മൊബൈൽ ഔട്ട്ലെറ്റ് എല്ലാ ജില്ലകളിലും പര്യടനം നടത്തുന്നുണ്ട്.

error: Content is protected !!