വള്ളംകളി പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന ഈ വർഷത്തെ നെഹ്റുട്രോഫി ജലോത്സവം ഇന്ന് പുന്നമടക്കായലിൽ നടക്കും. നെഹ്റു ട്രോഫി വള്ളംകളിയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2:00 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 69-ാമത് നെഹ്റു ട്രോഫി വള്ളംകളിക്കാണ് ഇന്ന് പുന്നമടക്കായൽ വേദിയാകുന്നത്. 19 ചുണ്ടനുകളടക്കം 9 വിഭാഗങ്ങളിലായി 72 കളി വള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കും. രാവിലെ 11:00 മണിക്കാണ് ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങൾ ആരംഭിക്കുക.

ഉദ്ഘാടനത്തിന് ശേഷം ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളും, ചെറുവള്ളങ്ങളുടെ ഫൈനലും നടക്കും. തുടർന്ന് വൈകിട്ട് 4.00 മണി മുതലാണ് ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ മത്സരങ്ങൾ ആരംഭിക്കുക. മികച്ച സമയം കുറിക്കുന്ന 9 ചുണ്ടൻ വള്ളങ്ങൾ അടുത്ത വർഷത്തെ ചാമ്പ്യൻസ് ബോട്ട് ലീഗിന് യോഗ്യത നേടുന്നതാണ്. ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, കെ. രാജൻ, സജി ചെറിയാൻ, എം.ബി രാജേഷ്, വീണ ജോർജ്, വി. അബ്ദുറഹ്മാൻ എന്നിവർ പങ്കെടുക്കും. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് കെ. ദേശായി മാസ് ഡ്രിൽ ഫ്ലാഗ് ഓഫ് ചെയ്യുകയും, മന്ത്രി പി. പ്രസാദ് വിജയികൾക്കുള്ള സമ്മാനവും വിതരണം ചെയ്യും