
പ്രകൃതിക്ഷോഭങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും കിലയുടെയും സാങ്കേതിക സഹായത്തോടെ ദുരന്ത ആഘാതം ലഘൂകരിക്കാനായി 217 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജനപങ്കാളിത്തത്തോടെ പ്രാദേശിക കാലാവസ്ഥാ വ്യതിയാന കർമ പദ്ധതി രേഖ തയ്യാറാക്കി. പ്രാദേശിക ദുരന്ത സാധ്യതാ – കാലാവസ്ഥാ സൂചനകൾ വിശകലനം ചെയ്ത് അനുയോജ്യമായ പദ്ധതികൾ രൂപകൽപന നടത്തി യാണ് കർമ പദ്ധതി ഒരുക്കിയത്.
മുൻഗണന അനുസരിച്ച് രേഖകൾ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. പമ്പാ നദിതടത്തിൽ ഉൾപ്പെടുന്ന ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ 217 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് രേഖകൾ തയ്യാറാക്കിക്കഴിഞ്ഞത്. ബാക്കിയുള്ള തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കി വരികയാണ്.
കാലാവസ്ഥാ ഘടകങ്ങളായ വാർഷിക വർഷപാതം, ദൈനംദിന മഴയുടെ സ്വഭാവം, താപനില എന്നിവയുടെ ചരിത്രപരമായ മാറ്റങ്ങളും അവയുടെ ഭാവിഗതി എന്നിവയും വിശകലനം ചെയ്ത് കർമ്മപദ്ധതി രേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ തലത്തിൽ വിദഗ്ധരുടെ കോർ ടീം രൂപീകരിച്ചാണ് വിവരങ്ങൾ ശേഖരിച്ചതും രേഖ തയ്യാറാക്കിയതും. വിവിധ മേഖലകളും പ്രാദേശിക ദുരന്തസാധ്യതയും തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിലുള്ള കാലാവസ്ഥാ വ്യതിയാന സ്ഥിതിവിവരകണക്കുകളും ആസ്പദമാക്കി ഫോക്കസ് ഗ്രൂപ്പ് ചർച്ചകളും സംവാദങ്ങളും നടത്തി.
പ്രാദേശിക നിവാസികളുടെ അറിവും അനുഭവവും പുതിയ നിർദ്ദേശങ്ങളും അടിസ്ഥാനമാക്കിയാണ് രേഖ അന്തിമമാക്കിയിട്ടുള്ളത്. വികസന പദ്ധതികളുടെ കാർബൺ പാദമുദ്ര കുറച്ചുകൊണ്ട് വരാൻ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പ്രാദേശിക കാലാവസ്ഥാ വ്യതിയാന കർമ്മ പദ്ധതി സഹായിക്കും. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായും അല്ലാതെയും ഉണ്ടാവുന്ന ദുരന്തങ്ങളുടെ ആഘാതം ലഘൂകരിക്കുന്നതിനും ദുരന്തങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനും അതിജീവനക്ഷമത നേടുന്നതിനും ഹ്രസ്വകാല – ദീർഘകാല ഇടപെടലുകൾ വിഭാവനം ചെയ്യുന്നതിനും രേഖ പ്രയോജനകരമാകും.








