
സ്റ്റാർട്ടപ്പ് മേഖലയ്ക്കിത് പുതിയ തിളക്കത്തിന്റെയും മുന്നേറ്റത്തിന്റെയും കാലം. സ്റ്റാർട്ടപ്പ് ഇൻകുബേഷൻ രംഗത്ത് പുതിയ കുതിപ്പാകാൻ ലീപ് (ലോഞ്ച്, എംപവർ, ആക്‌സിലറേറ്റ്, പ്രോസ്പർ) കോവർക്കിംഗ് സ്‌പേയ്‌സിന്റെ അംഗത്വ കാർഡ് പ്രകാശനവും കേരള സ്റ്റാർട്ടപ്പ് മിഷന്റെ നവീകരിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഒരു വർഷത്തെ കാലാവധിയുള്ള അംഗത്വ കാർഡിലൂടെ ലീപ് കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ സബ്‌സിഡി നിരക്കിൽ ഉപയോഗിക്കാൻ സാധിക്കും. സ്റ്റാർട്ടപ്പുകൾ, പ്രൊഫഷണലുകൾ, ഏയ്ഞ്ചൽസ്, വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകൾ തുടങ്ങിയവർക്കാണ് ലീപ് അംഗത്വ കാർഡ് ലഭിക്കുക. സംസ്ഥാനത്തുടനീളം ‘ലീപ്’ ഇൻകുബേഷൻ കേന്ദ്രങ്ങൾ ആരംഭിച്ചുവരുന്നുണ്ട്.
അനുയോജ്യമായ വർക്ക് സ്റ്റേഷനുകൾ മുൻകൂട്ടി കണ്ടെത്താനും ഉറപ്പാക്കാനുമുള്ള സൗകര്യം, കേരള സ്റ്റാർട്ട് അപ് മിഷന്റെ എല്ലാ ഇൻകുബേഷൻ കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനം, ഹഡിൽ ഗ്ലോബൽ ഉൾപ്പെടെയുള്ള കെഎസ്യുഎം പരിപാടികളിലേക്കുള്ള അംഗത്വം, പരിപാടികളിൽ പങ്കെടുക്കുന്നതിന് 25 ശതമാനം സബ്സിഡി, രാജ്യത്തുടനീളമുള്ള ലീപ് കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം, ഇന്റേൺഷിപ്പുകൾക്കൊപ്പം ലഭിക്കുന്ന സാങ്കേതിക പരിശീലനം, സ്റ്റാർട്ടപ്പ് മാച്ച് മേക്കിംഗ് അവസരം, നിക്ഷേപകരുമായി ആശയവിനിമയത്തിനുള്ള അവസരം തുടങ്ങിയവ ലീപ് അംഗത്വ കാർഡിലൂടെ ലഭിക്കും.
സ്റ്റാർട്ടപ്പുകൾക്കുള്ള മെന്റർഷിപ്പ്, ബിസിനസ് വികസന സഹായം, ഫണ്ടിംഗ് അവസരങ്ങളിലേക്കുള്ള പ്രവേശനം, വിദഗ്ദ്ധ മാർഗനിർദ്ദേശം തുടങ്ങിയവ ലീപ് കേന്ദ്രങ്ങളിലൂടെ ലഭിക്കും. സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കുമുള്ള ഗ്രാന്റുകൾ, വായ്പകൾ, മാർക്കറ്റ് ആക്‌സസ്, മെന്റേഴ്‌സ് കണക്ട്, ഇൻവെസ്റ്റർ കണക്റ്റ് തുടങ്ങിയ കെഎസ്യുഎം പദ്ധതികളിലേക്ക് പ്രവേശനം നേടാനുള്ള അവസരവും ഇതിലൂടെ ലഭ്യമാക്കും. സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്കും അതുവഴി സംസ്ഥാനത്തിന്റെ സാമൂഹിക സാമ്പത്തിക വികസനത്തിനും ലീപ് കേന്ദ്രങ്ങൾ ചാലകശക്തിയായി വർത്തിക്കും.









