കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റായ കെഫോൺ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പ്രാദേശിക കേബിൾ / ഇന്റർനെറ്റ് ഓപ്പറേറ്റർമാരുടെ ആദ്യ സംഗമം തിരുവനന്തപുരം ഫോർട്ട് മാനർ ഹോട്ടലിൽ സംഘടിപ്പിച്ചു. വീടുകളിൽ കണക്ഷനെത്തിക്കുന്നതിനായി കേരളത്തിലെ ഇരുപതിനായിരത്തോളം വരുന്ന കേബിൾ/ ഇന്റർനെറ്റ് ഓപ്പറേറ്റർമാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സംഗമം നടത്തിയത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഓപ്പറേറ്റർമാർക്കായി സംഘടിപ്പിച്ച പരിപാടിയിൽ 700 ഓളം പേർ പങ്കെടുത്തു.
കെഫോൺ പദ്ധതി വിശദീകരണം, നടത്തിപ്പ് സംബന്ധിച്ച സംശയനിവാരണം എന്നിവ യോഗത്തിൽ നടന്നു. ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കാത്ത ഓപ്പറേറ്റർമാർക്ക് നേരിട്ട് രജ്‌സിട്രേഷൻ നടത്തുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു. ഏകദേശം 400ലധികം പേർ ഇതുവഴി രജിസ്റ്റർ ചെയ്തു. 2500 ഓളം പേർ ഓൺലൈൻ വഴി രജിസ്‌ട്രേഷൻ പൂർത്തിയാക്കിയിട്ടുണ്ട്.
കേരളത്തിലെ 30,000 ത്തിലധികം വരുന്ന സർക്കാർ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ മികച്ച ഇന്റർനെറ്റ് കണക്ടിവിറ്റി ഒരുക്കുകയാണ് കെഫോൺ പദ്ധതിയുടെ ഒരു ലക്ഷ്യം. സംസ്ഥാനത്തെ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന 20 ലക്ഷം കുടുംബങ്ങളിൽക്കൂടി ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനും സർക്കാർ ഉദ്ദേശിക്കുന്നു. കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളിലും ഇത്തരത്തിൽ യോഗം സംഘടിപ്പിക്കും.