
കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ തുടങ്ങിയ ഐ.എച്ച്.ആര്‍.ഡി യുടെ പുതിയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു നാടിന് സമർപ്പിച്ചു. വിദ്യാഭ്യാസത്തോടൊപ്പം വരുമാനം പ്രദാനം ചെയ്യുന്ന രീതിയിലൂടെ നവവൈജ്ഞാനികസമൂഹസൃഷ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നൈപുണിവികസനത്തിലൂടെയാണ് വിദ്യാര്‍ഥികളെ തൊഴില്‍ മേഖലകള്‍ക്കായി സജ്ജമാക്കുന്നത്. ഈ നിലയ്ക്കുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ദേശീയതല വിലയിരുത്തലില്‍ മുന്നിലേക്കെത്തിയത്.
അഭിരുചിക്ക് അനുസൃതമായ തൊഴില്‍ വൈദഗ്ധ്യമാണ് കേരളത്തിൽ വാര്‍ത്തെടുക്കുന്നത്. ഗവേഷണത്തിനായി ആധുനിക സൗകര്യങ്ങള്‍ ഒരുക്കുന്നു. ഗുണമേന്‍മയും നിലവാരവുമുള്ള പാഠ്യപദ്ധതിയാണ് മുഖ്യസവിശേഷത. പഠനം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സാമ്പത്തിക പിന്തുണയും നല്‍കുകയാണ്. ആദ്യമായാണ് മുഖ്യമന്ത്രിയുടെ പ്രതിഭാപുരസ്‌കാരത്തിന്റെ ഭാഗമായി സാമൂഹിക-സാമ്പത്തിക പിന്നാക്കമായ വിദ്യാര്‍ഥികള്‍ക്ക് ഒരു ലക്ഷം രൂപ സ്‌കോളര്‍ഷിപ്പായി നല്‍കിയത്. അത് തുടരുമെന്നും മന്ത്രി അറിയിച്ചു.
നൂതന ആശയങ്ങള്‍ക്കും കലാലയതലത്തില്‍ പിന്തുണയേകുന്നുണ്ട്. പുതുആശയത്തിന് അഞ്ചു ലക്ഷം രൂപനല്‍കുന്ന പദ്ധതിയാണ് കെ ഡിസ്‌ക് വഴി നടപ്പിലാക്കുന്ന യംഗ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം. തൊഴില്‍ദായകരും സ്രഷ്ടാക്കളുമായി മാറുന്ന തലമുറകളെയാകും കേരളം ഇനി ലോകത്തിന് സംഭാവന ചെയ്യുക. കേവലം നാലുശതമാനം പേര്‍ മാത്രമാണ് വിദേശത്ത് പഠിക്കാന്‍ പോകുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
ക്യാമ്പസുകളുമായി ചേര്‍ന്ന് വ്യവസായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന വലിയ മാറ്റമാണ് കേരളത്തില്‍ സംഭവിക്കുകയെന്ന് ചടങ്ങിൽ അധ്യക്ഷനായ ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ പറഞ്ഞു. കലാലയങ്ങളില്‍ പുതുസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. കാലം ആവശ്യപ്പെടുന്ന കോഴ്‌സുകളുടെ വ്യാപനമാണ് കാത്തിരിക്കുന്നത്. തലമുറകള്‍ക്ക് പ്രതീക്ഷയേകുന്ന വികസനമാണ് നാട്ടില്‍ നടപ്പിലാക്കുന്നതും. വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാകുന്നതോടെ വ്യവസായ ഹബ് ആയി സംസ്ഥാനംമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ . പി കെ ഗോപന്‍, കൊട്ടരക്കര നഗരസഭ ചെയര്‍മാന്‍ എസ് ആര്‍ രമേശ് ,തദ്ദേശ സ്വയംഭരണ സ്ഥാപന ഭാരവാഹികള്‍, കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം ജി മുരളീധരന്‍ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, കോളേജ് പ്രിന്‍സിപ്പല്‍ മുരളി വി എസ് തുടങ്ങിയവര്‍ പങ്കെടുത്തു







