ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ‘ഹരിതം നിർമ്മലം’ പദ്ധതിയുടെ ഭാഗമായി വിവിധ യൂണിറ്റുകൾക്ക് കീഴിൽ സ്നേഹാരാമങ്ങൾ ഒരുക്കി നാഷണൽ സർവീസ് സ്‌കീം. മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ ഏറ്റെടുത്ത് സംസ്ഥാനത്തെ 3000 കേന്ദ്രങ്ങളാണ് സ്നേഹാരാമങ്ങളാക്കുക. ഒരു വർഷം നീളുന്ന പരിപാടിയിലൂടെയാണ് എൻ.എസ്.എസ് യൂണിറ്റുകൾ സ്നേഹാരാമങ്ങൾ ഒരുക്കുന്നത്.

ഓരോ എൻ.എസ്.എസ് യൂണിറ്റും പൊതുജനങ്ങൾ അലക്ഷ്യമായി മാലിന്യം നിക്ഷേപിച്ചുകൊണ്ടിരിക്കുന്ന തൊട്ടടുത്ത ഏതെങ്കിലും പ്രദേശമോ വൃത്തിഹീനമായി കിടക്കുന്ന പൊതുസ്ഥലമോ ഏറ്റെടുക്കും. അത് മാലിന്യമുക്ത പ്രദേശമാക്കി പൊതുജനങ്ങൾക്കു ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ മാറ്റിയെടുക്കും. ഗാന്ധിജയന്തി ദിനത്തിൽ ആരംഭിക്കുന്ന ക്യാമ്പയിൻ 2024 ജനുവരി ഒന്നിന് അവസാനിക്കുന്ന രീതിയിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി കൂടിയാലോചിച്ചാകും പ്രദേശം തീരുമാനിക്കുക.

ഡിസംബറിലെ എൻ.എസ്.എസ്.സപ്തദിന ക്യാമ്പുകൾ കഴിയുമ്പോഴേക്കും പ്രദേശത്തെ സൗന്ദര്യവത്കരണം പൂർത്തിയാക്കും. ജനുവരി ഒന്നോടു കൂടി കേരളത്തിലെ എല്ലാ പ്രദേശങ്ങളും ഒരേ സമയത്ത് ഉദ്‌ഘാടനം ചെയ്യാനാവണമെന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്. ഓരോ സ്നേഹാരാമവും പച്ചത്തുരുത്ത്, ചുമർചിത്രം, വെർട്ടിക്കൽ ഗാർഡൻ, പാർക്ക്, വിശ്രമ സംവിധാനം, ഇൻസ്റ്റലേഷൻ എന്നിങ്ങനെ വോളന്റിയർമാരുടെ സർഗ്ഗാത്മകതയുടെ കൂടി പ്രതിഫലനമായി മാറ്റാനാണ് ശ്രമം