
ജി.എസ്.ടി റഗുലർ രജിസ്ട്രേഷൻ എടുത്തിട്ടുള്ളവർ സമയബന്ധിതമായി ജി.എസ്.ടി.ആർ- 3 ബി റിട്ടേൺ ഫയൽ ചെയ്യാത്തതിനാൽ സംസ്ഥാന ചരക്ക് സേവന നികുതി നിയമം, 2017 ലെ വകുപ്പ് 62 പ്രകാരം ബന്ധപ്പെട്ട പ്രോപ്പർ ഓഫീസർ നടത്തിയ ‘ബെസ്റ്റ് ജഡ്ജ് മെന്റ് അസ്സസ്സ്‌മെന്റ് (ASMT- 13)’ ഉത്തരവുകൾ പ്രകാരം ഉണ്ടായ ഡിമാന്റുകൾ പിൻവലിപ്പിക്കുന്നതിന്, ജി.എസ്.ടി കൗൺസിലിന്റെ നിർദ്ദേശ പ്രകാരം, നികുതിദായകർക്ക് ഒരു അവസരം കൂടി നൽകിക്കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. കേന്ദ്ര വിജ്ഞാപനം- 6/2023- സെൻട്രൽ ടാക്സ് തിയ്യതി: 31.03.2023, 24/2023-സെൻട്രൽ ടാക്സ് തീയതി: 17.07.2023. ഈ ആംനസ്റ്റി സ്‌കീം പ്രകാരമുള്ള ഇളവ് ആഗസ്റ്റ് 31ന് അവസാനിക്കും.
മേൽപ്പറഞ്ഞ വിജ്ഞാപനങ്ങൾപ്രകാരം ജൂലൈ 2017 മുതൽ ഫെബ്രുവരി 2023 വരെ ഏതെങ്കിലും ടാക്‌സ് പിരീഡിൽ ബെസ്റ്റ് ജഡ്ജ് മെന്റ് അസ്സസ്സ്‌മെന്റ് (ASMT- 13) ഉത്തരവുകൾ കൈപ്പറ്റി 30 ദിവസത്തിനകം ബന്ധപ്പെട്ട ജി.എസ്.ടി.ആർ- 3 ബി റിട്ടേൺ ഫയൽ ചെയ്യാത്തതിനാൽ നികുതി കുടിശ്ശിക ഉണ്ടായവർ 31.08.2023 ന് മുൻപായി പ്രസ്തുത ടാക്‌സ് പിരീഡിലെ റിട്ടേൺ ലേറ്റ് ഫീ സഹിതം, ബാധകമായ പലിശയും അടച്ച് ഫയൽ ചെയ്തിട്ടുണ്ടെങ്കിൽ അത്തരക്കാരുടെ കുടിശ്ശിക പിൻവലിക്കുന്നതാണ്. നേരത്തെ തന്നെ ലേറ്റ് ഫീ സഹിതം റിട്ടേൺ ഫയൽ ചെയ്യുകയും എന്നാൽ ബാധകമായ പലിശ അടക്കാത്തവരുമുണ്ടെങ്കിൽ പ്രസ്തുത പലിശ 31.08.2023 ന് മുൻപ് അടച്ചുകൊണ്ട് ഈ അവസരം ഉപയോഗപ്പെടുത്തണം. ഇത്തരത്തിലുള്ള അസ്സെസ്സ്‌മെന്റ് ഉത്തരവുകളിൽ അപ്പീൽ ഫയൽ ചെയ്തവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം. നേരത്തേ 30.06.2023 വരെ മാത്രം ഉണ്ടായിരുന്ന ആംനസ്റ്റി സ്‌കീമാണ് 50-ാമത് ജി.എസ്.ടി കൗൺസിൽ ശുപാർശ പ്രകാരം ആഗസ്റ്റ് 31 വരെ നീട്ടിയിരിക്കുന്നത്.
ഈ ആംനസ്റ്റി സ്‌കീം പ്രയോജനപെടുത്തുന്ന നികുതിദായകർ വിജ്ഞാപനത്തിന് വിധേയമായിക്കൊണ്ട് റിട്ടേൺ ഫയൽ ചെയ്തിട്ടുണ്ടെങ്കിൽ പ്രസ്തുത വിവരം ബന്ധപ്പെട്ട സർക്കിൾ ഓഫീസിൽ അറിയിക്കുന്നത്, താമസം കൂടാതെ നികുതി കുടിശ്ശിക പിൻവലിക്കുന്നതിന് സഹായകരമാകും. എല്ലാ ബന്ധപ്പെട്ട നികുതിദായകരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണർ അറിയിച്ചു.





