ഡെമോക്രാറ്റിക് അലയൻസ് ഫോർ നോളജ് ഫ്രീഡം (DAKF) വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച് തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ സംഘടിപ്പിച്ച ഫ്രീഡം ഫെസ്റ്റ് പങ്കാളിത്തം കൊണ്ടും വിഷയാവതരണങ്ങൾ കൊണ്ടും ശ്രദ്ധേയമായി.  ആഗസ്റ്റ് 12 മുതൽ 15 വരെ നടന്ന ഫെസ്റ്റിൽ ഓരോ മേഖലയിലേയും വിദഗ്ധർ ചർച്ചകൾ നയിച്ചു. നോളജ്, ഇന്നൊവേഷൻ, ടെക്നോളജി എന്നിങ്ങനെ ഫെസ്റ്റ് മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളെ മുൻനിർത്തിയുള്ള സംവാദങ്ങൾക്കും അനുബന്ധ പരിപാടികൾക്കും വൻ സ്വീകാര്യതയാണ് ലഭിച്ചത്. വിദ്യാർത്ഥികളും യുവജനങ്ങളുമുൾപ്പെടെ പതിനായിരത്തോളം പേർ പങ്കെടുത്തു. കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റങ്ങളെ ഉൾക്കൊള്ളുന്ന വിഷയങ്ങൾ തന്നെയായിരുന്നു ഫെസ്റ്റിന്റെ പ്രധാന ആകർഷണം.

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ഫ്രീഡം ഫെസ്റ്റിൽ നടന്ന യങ് പ്രൊഫഷണൽ മീറ്റിൽ സംസ്ഥാനത്തൊട്ടാകെയുള്ള രണ്ടായിരത്തോളം പ്രൊഫഷണലുകൾ പങ്കെടുത്തു. അതിനോടനുബന്ധിച്ച് സംഘടിപ്പിച്ച ഐഡിയാത്തോണിൽ നാന്നൂറോളം ആശയങ്ങളാണ് അവതരിപ്പിച്ചത്. സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിച്ചുകൊണ്ടുള്ള വികസനത്തിനായി ഒട്ടേറെ നൂതന ആശയങ്ങൾ മുന്നോട്ട് വന്നു.

കേരളത്തെ ഉന്നത നിലവാരത്തിലേക്ക് ഉയർത്താനും ഒരു വിജ്ഞാന സമ്പദ് വ്യവസ്ഥയായി മാറ്റുവാനും സജ്ജമാക്കുന്ന ഫെസ്റ്റിൽ കേരളത്തിലെ മന്ത്രിമാർക്കൊപ്പം അന്താരാഷ്ട്ര തലത്തിലുള്ള സംഘടനകളും വ്യക്തികളും പങ്കാളികളായി.  അറിവും അനുഭവവും ഒന്നിച്ചുചേർന്ന സെഷനുകൾ പരിപാടിയുടെ മുഖമായി മാറി.

ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ള എക്സിബിഷനിൽ വിവിധ സർക്കാർ സേവനങ്ങൾ ഡിജിറ്റൽ മികവോടെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തി. രാവിലെ മുതൽ വൈകുന്നേരം വരെയുള്ള പ്രദർശനത്തിന് പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമായിരുന്നു.  സാങ്കേതിക വിദ്യയുടെ പ്രയോജനം സമൂഹത്തിലെ ഒരു വിഭാഗത്തിലേക്ക് ചുരുങ്ങാതെ കർഷകരും കച്ചവടക്കാരുമുൾപ്പെടെ  എല്ലാ ശ്രേണിയിലുമുള്ള ജനങ്ങൾക്ക് പ്രാപ്യമാകുന്നതെങ്ങനെയെന്ന് എക്‌സിബിഷനിൽ പ്രദർശിപ്പിച്ചു.

പ്രധാന വേദിയായ ഫ്രീഡം ഹാളിന് പുറമെ മറ്റ് വേദികളിലായി വിവിധ പരിശീലനങ്ങളും ശിൽപ്പശാലകളും ചർച്ചകളും നടന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന അനുബന്ധ പരിപാടികളും വിഷയ വൈവിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു. എല്ലാ ദിവസവും സെഷനുകൾ അവസാനിച്ച ശേഷം വിവിധ കോളേജുകളുടെ ആഭിമുഖ്യത്തിൽ സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചു.

അറിവിന്റെ കുത്തകവൽക്കരണത്തിനെതിരെ വിജ്ഞാനം സ്വതന്ത്രമാക്കുക എന്ന വിശാലമായ കാഴ്ചപ്പാടോടുകൂടി സംഘടിപ്പിച്ച ഫ്രീഡം ഫെസ്റ്റ് ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ സമാപിച്ചു.  രാജ്യം സ്വാതന്ത്യം ആഘോഷിക്കുമ്പോൾ  വിജ്ഞാനത്തിൻറെ അതിരുകളില്ലാത്ത  ലോകം വിഭാവനം ചെയ്തുകൊണ്ട്  ഫ്രീഡം ഫെസ്റ്റിന്റെ 2023 എഡിഷന് തിരശ്ശീല വീഴുകയാണ്.