സംസ്ഥാനത്ത് വനംവകുപ്പ് തുടങ്ങിയ ആദ്യ മ്യൂസിയം കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയില്‍ വനം വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രന്‍ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാനത്ത് ഫോറസ്റ്റ് മ്യൂസിയങ്ങളുടെ ശൃംഖല പരിഗണനയിലെന്ന് മന്ത്രി പറഞ്ഞു. മ്യൂസിയം പഠനകേന്ദ്രമായി വിപുലീകരിക്കും. വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഹബ്ബായും വികസിപ്പിക്കും. വനത്തെപ്പറ്റിയുള്ള അറിവുകള്‍ നല്‍കുന്നതിനുള്ള ഇന്‍ഫര്‍മേഷന്‍ സെന്റര്‍ സജീവമാക്കും.

വനത്തിനും വന്യജീവികളുടെ നിലനില്‍പ്പിനും ഭീഷണിയായ പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ഈ പശ്ചാത്തലത്തിലാണ് എക്കോടൂറിസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തേണ്ടത്. കുളത്തൂപ്പുഴയും തെന്മലയും ഉള്‍പ്പെടുന്ന വലിയ ടൂറിസംപദ്ധതി ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി പരിസ്ഥിതിസൗഹൃദ അന്തരീക്ഷം ഒരുക്കേണ്ടതുണ്ട്. 

വനം വകുപ്പിന്റെ പ്രവര്‍ത്തനവൈവിദ്ധ്യവത്കരണവും സർക്കാർ ലക്ഷ്യമിടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. വന്യജീവികളുടെ ആക്രമണത്തില്‍ നിന്ന് ജനത്തെ സംരക്ഷക്കേണ്ട ചുമതല വകുപ്പ് നിര്‍വഹിച്ചുപോരുകയാണ്. ജനങ്ങളുടെ പൂര്‍ണതോതിലുള്ള സഹകരണമാണ് സുപ്രധാനമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

പി എസ് സുപാല്‍ എം എല്‍ എ അധ്യക്ഷനായി. മുന്‍ മന്ത്രി കെ. രാജു മുഖ്യാതിഥിയായി. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസറ്റ് കണ്‍സര്‍വേറ്റര്‍ ഗംഗാസിംഗ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി ജയപ്രസാദ്, അഡിഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ ഡോ. എല്‍ ചന്ദ്രശേഖര്‍, പ്രമോദ് ജി. കൃഷ്ണന്‍, ചീഫ് ഫോറസ്‌ററ് കണ്‍സേര്‍വേറ്റര്‍മാരായ ഡോ.സഞ്ജയന്‍കുമാര്‍, ജെ ജസ്റ്റിന്‍ മോഹന്‍, തിരുവനന്തപുരം ഡി എഫ് ഓ കെ എ പ്രദീപ് കുമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനഭാരവാഹികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.