കുട്ടികളെ പോലീസ് സ്റ്റേഷനുകളിൽ വിളിപ്പിച്ച് മൊഴി രേഖപ്പെടുത്താൻ പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവ്. കമ്മീഷൻ അംഗം പി.പി ശ്യാമളാദേവി പുറപ്പെടുവിച്ച ഉത്തരവിലാണ് സംസ്ഥാന പോലീസ് മേധാവിക്ക് ഇതു സംബന്ധിച്ച് നിർദ്ദേശം നൽകിയത്. 15 വയസിൽ താഴെയുളള കുട്ടികളെ മൊഴി എടുക്കുന്നതിന്റെ ഭാഗമായി പോലീസ് സ്റ്റേഷനിൽ വിളിപ്പിക്കാൻ പാടില്ല. വിവിധ പോലീസ് സ്റ്റേഷനുകളിൽ വെച്ച് കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയതായി വിലയിരുത്തിയ കമ്മീഷൻ അത് കുട്ടികളെ മാനസികമായി പ്രയാസപ്പെടുത്തുന്നതും അവരുടെ സ്വാഭാവ രൂപീകരണത്തെ ദോഷമായി ബാധിക്കുന്നതുമാണെന്ന് നിരീക്ഷിച്ചു.

തിരുവനന്തപുരം സ്വദേശിയുടെ പരാതി പരിഹരിക്കാനും കുട്ടിക്ക് മാനസിക വിഷമതകൾ ഉണ്ടായിട്ടുണ്ടെങ്കിൽ കൗൺസിലിംഗ് അടക്കം നൽകുന്നതിനും നടപടി സ്വീകരിക്കാൻ ഫോർട്ട് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്കും കമ്മീഷൻ നിർദ്ദേശം നൽകി. ഇതിൻമേൽ സ്വീകരിച്ച നടപടി റിപ്പോർട്ട് 30 ദിവസത്തിനകം കമ്മീഷന് ലഭ്യമാക്കാനും ഉത്തരവിൽ നിർദ്ദേശിച്ചു.