
എല്ലാ ബ്ലോക്കുകളിലും ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എ.എം.ആർ.) കമ്മിറ്റി സ്ഥാപിക്കുന്ന ആദ്യത്തെ സംസ്ഥാനമായി കേരളം മാറി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ചേർന്ന കാർസാപ്പിന്റെ (കേരള ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ) അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ആന്റിബയോട്ടിക് സാക്ഷരതയ്ക്കുള്ള പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് 191 ബ്ലോക്കുകളിലും എ.എം.ആർ. കമ്മിറ്റികൾ സ്ഥാപിച്ചിരിക്കുന്നത്. ഇത്തരം ബ്ലോക് ലെവൽ എ.എം.ആർ. കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിനും, ഊർജിതപ്പെടുത്തുന്നതിനും വേണ്ടി ഉടൻ സർക്കാർ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കും. ഇത്തരത്തിൽ കേരളത്തിലെ എല്ലാ ആശുപത്രികളെയും ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികളാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി യോഗത്തിൽ വ്യക്തമാക്കി.
കാർസാപ്പ് 2022ന്റെ റിപ്പോർട്ട് മന്ത്രി വീണാ ജോർജ് പുറത്തിറക്കി. തുടർന്ന് അതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുകയും ചെയ്തു. കേരളത്തിലെ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ തോത് അറിയുവാനും അതിനനുസരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിനുമാണ് 2022ലെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഇതനുസരിച്ച് പല രോഗാണുക്കളിലും ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ തോത് കൂടുന്നതായി വിലയിരുത്തപ്പെട്ടു. മതിയായ കുറിപ്പടികൾ ഇല്ലാതെ ആന്റിബയോട്ടിക് മരുന്നുകൾ നൽകുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യുവാൻ ഡ്രഗ്സ് കൺട്രോളർക്ക് മന്ത്രി നേരത്തെ നിർദേശം നൽകിയിരുന്നു. ഇത് ശക്തമാക്കാൻ മന്ത്രി നിർദേശം നൽകി. അതിനുപുറമേ കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക്കുകളെ നശിപ്പിക്കുന്ന രീതികളെക്കുറിച്ചും ചർച്ച നടന്നു.
മത്സ്യകൃഷി, കോഴി വളർത്തൽ, മൃഗപരിപാലനം എന്നിവയിൽ ഒരുപോലെ തന്നെ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ ആവശ്യകതയും അതിന്റെ ഭാഗമായി നടക്കുന്ന പഠനങ്ങളും യോഗത്തിൽ ചർച്ചയായി. എല്ലാവരും ചേർന്നുള്ള സംയോജിത പ്രവർത്തനങ്ങൾ നടത്തേണ്ടതിന്റെ ആവശ്യകത യോഗത്തിൽ ഉയർന്നുവന്നു. മനുഷ്യരിൽ മാത്രമല്ല മൃഗപരിപാലനം, കോഴിവളർത്തൽ, മത്സ്യകൃഷി തുടങ്ങിയവയിൽ കൂടുതലായി അശാസ്ത്രീയമായ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിനു പുറമേ പരിസ്ഥിതിയിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ പോലും ആന്റിബയോട്ടികുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള ബാക്ടീരിയകളെയും ജീനുകളെയും കണ്ടെത്തിയിട്ടുണ്ട്.
ആന്റിബയോട്ടിക് സാക്ഷര കേരളത്തിന്റെ പ്രവർത്തനങ്ങൾ ഊർജ്ജതപ്പെടുത്തുന്നതിനായി മലയാളത്തിലുള്ള നിർദ്ദേശങ്ങളും ചിത്രങ്ങളും അടങ്ങിയ എ.എം.ആർ. ബുക്ക്, ബ്ലോക്ക് എ.എം.ആർ. കമ്മിറ്റികളും ജില്ലാ എ.എം.ആർ. കമ്മിറ്റികളും വഴി പൊതുജനങ്ങൾക്ക് ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ അവബോധം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായുള്ള മലയാളത്തിലുള്ള ലഘുലേഖകളും മന്ത്രി പ്രകാശനം ചെയ്തു.
മുഖ്യമന്ത്രിയുടെ സയന്റിഫിക് അഡൈ്വസർ ഡോ. എം.സി. ദത്തൻ, ഫുഡ് സേഫ്റ്റി കമ്മീഷണർ വിനോദ്, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, ഡബ്ല്യു.എച്ച്.ഒ. പ്രതിനിധി (ടെക്നിക്കൽ ഓഫീസർ ഫോർ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ്) ഡോ. അനുജ് ശർമ്മ, ലോകബാങ്ക് പ്രതിനിധി ഡോ. സതീഷ് ചന്ദ്രൻ, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. നന്ദകുമാർ, എ.എം.ആർ. സർവയലൻസ് നോഡൽ ഓഫീസർ ഡോ. സരിത, കർസാപ്പ് നോഡൽ ഓഫീസർ ഡോ. മഞ്ജുശ്രീ, വർക്കിംഗ് കമ്മിറ്റി കൺവീനർ ഡോ. അരവിന്ദ്, എസ്.എച്ച്.എസ്.ആർ.സി. എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. ജിതേഷ്, പബ്ലിക് ഹെൽത്ത് ലാബ് ഡയറക്ടർ ഡോ. സുനിജ, ആരോഗ്യ വകുപ്പ് നോഡൽ ഓഫീസർ ഡോ. ശിവപ്രസാദ്, ഡ്രഗ്സ് കൺട്രോളർ ഡോ. സുജിത്, പൊല്ലൂഷൻ കൺട്രോൾ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. ഷീല മോസസ്, ഫിഷറീസ് ആന്റ് അക്വകൾച്ചർ നോഡൽ ഓഫീസർ ഡോ. ദേവിക പിള്ള, മൃഗസംരക്ഷണ വകുപ്പ് നോഡൽ ഓഫീസർ ഡോ. സഞ്ജയ്, സ്റ്റുഡന്റ് എഡ്യൂക്കേഷൻ നോഡൽ ഓഫീസർ ഡോ. റിയാസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.








