മദ്യപിക്കാൻ പണം നൽകാത്തതിന്റെ പേരിൽ യു ട്യൂബ് വ്ലോഗറുടെ കാർ അടിച്ച് തകർത്ത് കാറിൽ ഉണ്ടായിരുന്ന കാമറ കവർന്നതായി പരാതി. നെടുമങ്ങാട് നെട്ട സ്വദേശി കാർത്തിക് മണിക്കുട്ടന്റെ കാർ ആണ് ശനിയാഴ്ച രാത്രി 12ന്‌ ബൈക്കിൽ എത്തിയ മൂന്നം​ഗ സംഘം അടിച്ചു തകർത്തത്. അക്രമികൾ കാറിന്റെ നാലു ഭാഗത്തുമുള്ള ഗ്ലാസുകൾ തല്ലി തകർക്കുകയും  കാറിന് അകത്ത് സൂക്ഷിച്ചിരുന്ന രണ്ടര ലക്ഷം രൂപ വിലയുളള കാമറ എടുത്തു കൊണ്ട് പോകുകയും ചെയ്തു. 

കുറച്ച് നാളുകളായി പട്ടാളം ഷിബു എന്ന് വിളിപ്പേര് ഉള്ള മനോജ് എന്ന ആൾ മദ്യപിക്കാൻ പണം ആവശ്യപ്പെടാറുണ്ടെന്ന് കാര്‍ത്തിക് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയും പണം ആവശ്യപ്പെട്ട് വിളിക്കുകയും പണം നൽകാത്തതിനാൽ കാർത്തിക്കിന്റെ അമ്മയെയും സഹോദരിയെയും അസഭ്യം പറയുകയും ചെയ്തിരുന്നു. കാർത്തിക്കിന്റെ പരാതിയിൽ നെടുമങ്ങാട് പൊലീസ്‌   അന്വേഷണം ആരംഭിച്ചു. 


error: Content is protected !!