തിരുവനന്തപുരം: കേരളത്തില്‍ ആദ്യമായി മരണാനന്തരം ദമ്പതികളുടെ വിവാഹ രജിസ്‌ടേഷന്‍ നടത്തി തദ്ദേശ വകുപ്പ്. 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന വിവാഹത്തിന്റെ രേഖകളാണ് മുല്ലൂര്‍ നെല്ലിക്കുന്ന് ആരാദ്ധ്യഭവനില്‍ കെ ജ്ഞാനദാസ് കൈപ്പറ്റിയത്. വിഴിഞ്ഞം സോണല്‍ ഓഫീസില്‍ നിന്ന് രേഖകള്‍ ലഭിച്ചതോടെ മാതാപിതാക്കള്‍ നഷ്ടപ്പെട്ട ഒമ്പതാം ക്ലാസുകാരന്‍ പിതാവിന്റെ സ്വത്തുക്കള്‍ക്ക് അവകാശിയായി.ജാഞാന ദാസിന്റെ മകള്‍ ജോളി പി ദാസും കളിയിക്കാവിള പറന്താലമൂട് സ്വദേശി എസ് അജികുമാറും 2008 ഓഗസ്റ്റ് 28-നാണ് വിവാഹിതരാകുന്നത്. വിവാഹ രജിസ്ട്രേഷന്‍ നടക്കുന്നതിന് മുമ്പ് തന്നെ ഇരുവരും ചെന്നൈയിലേക്ക് പോയതോടെ അത് നടന്നില്ല. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ അസി. പ്രൊഫസറായിരുന്നു അജികുമാര്‍. ഇവിടെ തന്നെ ഗവേഷക വിദ്യാര്‍ത്ഥിയായിരുന്നു ജോളി.

2012 ജനുവരി പത്തിന് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് ജോളി മരണപ്പെട്ടു. അജികുമാറും മകനും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. പിന്നീച് വര്‍ഷങ്ങള്‍ക്ക് ശേഷം അജികുമാര്‍ ബ്രെയിന്‍ ട്യൂമര്‍ ബാധിതനായി. 2018 ജനുവരി രണ്ടിന് അദ്ദേഹവും മരണപ്പെട്ടു. ഇതിന് ശേഷം മകന്റെ സംരക്ഷണം ജോളിയുടെ പിതാവ് ജ്ഞാനദാസ് ഏറ്റെടുത്തു. എന്നാല്‍ അജികുമാറിന്റെ അനന്തരാവകാശി കുട്ടിയാണെന്ന് തെളിയിക്കുന്നതിനുള്ള സുപ്രധാന രേഖ വിവാഹ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ആണെന്ന് പിന്നീടായിരുന്നു ജ്ഞാനദാസിന് മനസിലാകുന്നത്.

പിന്നീട് ഇതുമായി ബന്ധപ്പെട്ട് വിഴിഞ്ഞം സോണല്‍ ഓഫീസില്‍ ജ്ഞാനദാസ് അപേക്ഷ സമര്‍പ്പിച്ചു. എന്നാല്‍ അപേക്ഷയില്‍ പേരുള്ള ദമ്പതികള്‍ മരിച്ചെന്ന് അറിഞ്ഞതോടെ ഉദ്യോഗസ്ഥര്‍ക്ക് എന്ത് ചെയ്യണമെന്ന് അറിയാതെ വന്നു. ിവാഹ രജിസ്ട്രേഷന്‍ ചട്ടങ്ങളില്‍ പരേതരുടെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് സംബന്ധിച്ച പരാമര്‍ശം ഇല്ലാതിരുന്നതാണ് പ്രധാന കാരണം.ഇതിന് ശേഷം ജ്ഞാനദാസ് പ്രത്യേക അനുമതി തേടി തദ്ദേശവകുപ്പ് ചീഫ് രജിസ്ട്രാറെ സമീപിക്കുകയായിരുന്നു. വിവാഹ സര്‍ട്ടിഫിക്കറ്റിനായ സര്‍ക്കാരിന്റെ പ്രത്യേക അനുമതി വേണമെന്ന് പഞ്ചായത്ത് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. കുട്ടിയുടെ ഭാവി സംബന്ധിച്ച് കേസായതിനാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കുകയായിരുന്നു

error: Content is protected !!