
ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി ബട്ടർഫ്ലൈസ് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് വിതരണംചെയ്‌തത് 107 മോട്ടോറൈസ്ഡ് വീൽചെയറുകൾ. വ്യാഴാഴ്‌ച 26 പേർക്കു കൂടി വിതരണംചെയ്യുന്നതോടെ എണ്ണം 133ആകും. ഇതുവരെ 1.75കോടി രൂപയാണ് പദ്ധതിക്കായി വിനിയോഗിച്ചത്. 2018–-19ൽ ആണ് പദ്ധതിക്ക് ജില്ലയിൽ തുടക്കം കുറിച്ചത്. അന്ന് 27പേർക്കാണ് നൽകിയത്. വിപണിയിൽ 1,40,000 രൂപ വിലവരുന്ന വീൽചെയറുകൾ കുട്ടികൾക്ക് അടക്കമാണ് നൽകിയത്. സൈഡ് വീലുള്ള സ്‌കൂട്ടർ ഉപയോഗിക്കാൻ കഴിയാത്ത ഭിന്നശേഷിക്കാരുടെ സഞ്ചാരത്തിനായാണ് പദ്ധതി നടപ്പാക്കിയത്. അഞ്ചു കിലോ മീറ്റർ ദൂരം പരസഹായമില്ലാതെ സഞ്ചരിക്കാനാകുന്ന വീൽചെയറുകളാണ് ഇവ. കുട്ടികൾക്ക് സ്‌കൂളിൽ പോകുന്നതിനും ഇത് സഹായകരമാണ്. 2014–-15മുതൽ ബട്ടർഫ്ലൈസ് പദ്ധതിയിൽ ഭിന്നശേഷിക്കാർക്ക് സൈഡ് വീലോടുകൂടി സ്കൂട്ടറുകൾ വിതരണംചെയ്‌തിരുന്നു. വിവിധ വർഷങ്ങളിലായി 750 സ്‌കൂട്ടറാണ് ഇത്തരത്തിൽ വിതരണംചെയ്‌തത്. ഈ വർഷവും പദ്ധതിക്കായി 50ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഈ ഭരണസമിതിയുടെ കാലയളവിൽ ജില്ലയിൽ അർഹരായ എല്ലാവർക്കും വീൽചെയറുകൾ ലഭ്യമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ പറഞ്ഞു.
വ്യാഴാഴ്‌ച ജില്ലാ പഞ്ചായത്തിൽ നടക്കുന്ന ചടങ്ങിൽ വിതരണോദ്‌ഘാടനം പ്രസിഡന്റ് പി കെ ഗോപൻ നിർവഹിക്കും. ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽനിന്നുള്ള 26 ഗുണഭോക്താക്കൾക്കാണ് വീൽചെയറുകൾ വിതരണംചെയ്യുന്നത്. 35 ലക്ഷം രൂപയാണ് പ്രോജക്ടിനായി വകയിരുത്തിയിട്ടുള്ളത്. സ്പിൽ ഓവർ പദ്ധതിയായ സൈഡ് വീലോട് കൂടിയ സ്കൂട്ടർ വിതരണവും പ്രോജക്ട് പ്രകാരം ഒമ്പതുപേർക്കുള്ള ആനുകൂല്യ വിതരണവും പി കെ ഗോപന്‍ നിർവഹിക്കും







.