കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന ‘കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ്’ പദ്ധതിയില്‍ നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ കന്യാകുളങ്ങര ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലേയും നെടുവേലി ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലേയും വിദ്യാര്‍ത്ഥികളും അണിചേരും. കുട്ടികളില്‍ കോഴിവളര്‍ത്തലിലെ താത്പര്യം വര്‍ധിപ്പിച്ച,് കോഴിവളര്‍ത്തല്‍ രംഗത്തെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന പദ്ധതിയുടെ ഉദ്ഘാടനം കന്യാകുളങ്ങര ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഭക്ഷ്യപൊതുവിതരണവകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ നിര്‍വഹിച്ചു. എട്ട്, ഒന്‍പത് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് മുട്ടക്കോഴി കുഞ്ഞുങ്ങളും ഒരു കിലോ തീറ്റയും മരുന്നും സൗജന്യമായി പദ്ധതിയിലൂടെ വിതരണം ചെയ്യുന്നു.
കുട്ടികളില്‍ സ്വാശ്രയ ശീലവും സമ്പാദ്യശീലവും വര്‍ധിപ്പിക്കുന്നതിനും കോഴിമുട്ട ഉത്പാദനത്തിലൂടെ ഭക്ഷണത്തില്‍ കുട്ടികള്‍ക്കാവശ്യമായ മുട്ടയുടെ ലഭ്യത ഉറപ്പാക്കി ആരോഗ്യമുള്ള സമൂഹത്തെ വാര്‍ത്തെടുക്കുകയുമാണ് പദ്ധതിയുടെ ഉദ്ദേശമെന്ന് മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസരംഗത്തെ മെച്ചപ്പെടുത്തുന്നതിന് വളരെയധികം ശ്രദ്ധ സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും പഠനേതര പ്രവര്‍ത്തനങ്ങള്‍ക്കും പ്രധാന്യം നല്‍കുന്ന കാലഘട്ടമാണിതെന്നും മന്ത്രി വ്യക്തമാക്കി. കുട്ടികള്‍ക്കായി കെപ്കോ നടപ്പാക്കുന്ന ‘കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ് പദ്ധതി’ അഭിനന്ദനം അര്‍ഹിക്കുന്നതായും മന്ത്രി പറഞ്ഞു.