മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടർന്ന് മാറ്റിവെച്ച സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് 3:00 മണിക്ക് നടക്കുന്ന ചടങ്ങിൽ സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് അവാർഡുകൾ പ്രഖ്യാപിക്കുക. ബംഗാളി സംവിധായകനും, നടനുമായ ഗൗതം ഘോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ജൂറിയാണ് അവാർഡിന് അർഹതപ്പെട്ടവരെ തിരഞ്ഞെടുത്തത്.ഇത്തവണ മത്സരത്തിൽ 156 ചിത്രങ്ങളാണ് ഉണ്ടായിരുന്നത്. മികച്ച സിനിമയ്ക്കുള്ള അന്തിമപട്ടികയിൽ 42 സിനിമകൾ ഇടംപിടിച്ചു. അതേസമയം, മികച്ച നടനുള്ള അന്തിമ പട്ടികയിൽ കുഞ്ചാക്കോ ബോബൻ, മമ്മൂട്ടി, സൗബിൻ ഷാഹിർ തുടങ്ങിയവരാണ് ഉള്ളത്. നൻപകൽ നേരത്ത് മയക്കം, പുഴു, റോഷാക്ക് എന്നീ സിനിമകളിലെ അഭിനയത്തിനാണ് മമ്മൂട്ടിയെ പരിഗണിച്ചിട്ടുള്ളത്. ന്നാ താൻ കേസ് കൊട് സിനിമയിലെ അഭിനയത്തിന് കുഞ്ചാക്കോ ബോബനെയും, ഇലവീഴാ പൂഞ്ചിറ സിനിമയിലെ അഭിനയത്തിന് സൗബിൻ ഷാഹിറിനെയും പരിഗണിച്ചിട്ടുണ്ട്.
മികച്ച നടിക്കുള്ള മത്സരത്തിൽ ഇത്തവണ പുതുമുഖങ്ങളാണ് മുൻപന്തിയിൽ. അതേസമയം, അവാർഡുകളുടെ രഹസ്യ സ്വഭാവം നിലനിർത്തുന്നതിന്റെ ഭാഗമായി അവാർഡ് പ്രഖ്യാപനത്തിന് ഒരു ദിവസം മുൻപ് മാത്രമാണ് അവസാനഘട്ട പുരസ്കാര നിർണയ പ്രക്രിയകൾ നടത്തിയിട്ടുള്ളത്