
കർക്കടക മാസത്തെ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ മേൽശാന്തി കെ. ജയരാമൻ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. തുടർന്ന് അയ്യപ്പനെ ധ്യാന നിദ്രയിൽ നിന്ന് ഉണർത്തിയതിനു ശേഷം, മേൽശാന്തി പതിനെട്ടാം പടിയിറങ്ങി താഴത്തെ തിരുമുറ്റത്തെ ഹോമകുണ്ഡത്തിൽ അഗ്നി പകരുന്നതാണ്. ഈ കർമ്മം പൂർത്തിയാക്കിയതിന് ശേഷമാണ് ഭക്തരെ പതിനെട്ടാംപടി ചവിട്ടാൻ അനുവദിക്കുക.കർക്കടകം പിറക്കുന്ന നാളെയാണ് കർക്കടക മാസ പൂജകളും ആരംഭിക്കുന്നത്. വാവുബലി ദിനമായ നാളെ പുലർച്ചെ പമ്പയിൽ പിതൃതർപ്പണം ആരംഭിക്കും. പിതൃതർപ്പണത്തിന് എത്തുന്നവർക്കായി ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. എല്ലാ വർഷവും സ്ത്രീകളടക്കമുള്ള നിരവധി ഭക്തരാണ് ബലിതർപ്പണത്തിനായി പമ്പാതീരത്ത് എത്താറുള്ളത്. വനവാസ കാലത്ത് ശ്രീരാമൻ പിതാവ് ദശരഥ മഹാരാജാവിന്റെ മരണവാർത്ത അറിയുന്നത് പമ്പയുടെ തീരത്തുവച്ചാണെന്നാണ് വിശ്വാസം.







