നാഷണൽ ഹൈവേയും എംസി റോഡും ഒന്നിച്ചു ചേരുന്ന കേശവദാസപുരം ജംഗ്ഷനിലെ തിരക്ക് കണക്കിലെടുത്താണ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് ശുചിമുറികളും മുലയൂട്ടൽ മുറിയും നിർമ്മിച്ചത്. ഇതിലേക്ക് സീവറേജ് ലൈൻ ബന്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ട്രിഡ ഉടമസ്ഥതയിലുള്ള കേദാരം ഷോപ്പിംഗ് കോംപ്ലക്സ് കോമ്പൗണ്ടിലാണ് റസ്റ്റ് റൂം നിർമ്മിച്ചിട്ടുള്ളത്.

നന്ദൻകോടും കേശവദാസപുരത്തും സ്ഥാപിച്ച ഹൈടെക് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ മാതൃകയിലാണ് പട്ടം ജംഗ്ഷനിലും പൊട്ടക്കുഴി വൈദ്യുത ഭവന സമീപവും ബസ് വെയിറ്റിംഗ് ഷെൽട്ടറുകൾ നിർമ്മാണം പൂർത്തിയാക്കിയത്. പ്രമുഖ പരസ്യ സ്ഥാപനമായ ദിയ അഡ്വർടൈസേഴ്സ് ആണ് ഇതിന്റെ നിർമ്മാണവും പരിപാലനവും നിർവഹിക്കുന്നത്. പരസ്യത്തിൽ നിന്നാണ് ഇതിലേക്കു ആവശ്യമായ ഫണ്ട് കണ്ടെത്തിയത്. സൗകര്യപ്രദമായ ഇരിപ്പിടങ്ങൾ, എഫ് എം റേഡിയോ, വൈഫൈ, മാഗസിൻ സ്റ്റാൻഡ്, ടെലിവിഷൻ, ലൈറ്റുകൾ, മൊബൈൽ ചാർജിങ് പോയിന്റുകൾ എന്നിവ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്.

പൊട്ടക്കുഴിയിൽ നടന്ന പരിപാടിയിൽ വി.കെ. പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. പട്ടത്തെ മേൽപ്പാലത്തിനുള്ള സ്ഥലം ഏറ്റെടുപ്പ് പൂർത്തീകരിച്ചുവെന്നും വൈകാതെ കെ എം ആർ എൽ തുടർനടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി മേയർ പി. കെ. രാജു, ട്രിഡ ചെയർമാൻ കെ. സി. വിക്രമൻ, നഗരസഭ കൗൺസിലർമാർ, വിവിധ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.