
സാമൂഹിക സുരക്ഷാ പെൻഷൻ മസ്റ്ററിംഗ്, ആധാർ-പാൻ കാർഡ് ലിങ്കിംഗ്, ഇ-ഹെൽത്ത്, വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട ഇ-ഡിസ്ട്രിക്റ്റ്, ഇ-ഗ്രാന്റ്‌സ് തുടങ്ങിയവയ്ക്കുള്ള ആധാർ ഓതന്റിക്കേഷൻ നടക്കുന്നതിനാലാണ് സംസ്ഥാനത്തെ റേഷൻ വിതരണത്തിനുള്ള ആധാർ ഓതന്റിക്കേഷനിൽ വേഗത കുറവ് നേരിട്ടതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ അറിയിച്ചു. ഇതിനാൽ ചിലർക്കെങ്കിലും റേഷൻ വാങ്ങാൻ സാധിച്ചിട്ടില്ല. ഇതു പരിഗണിച്ച് ജൂണിലെ റേഷൻ ഇന്ന് (ജൂലൈ 1) കൂടി വിതരണം ചെയ്യും.
സംസ്ഥാനത്തെ 2023 മെയ് മാസത്തെ റേഷൻ വിതരണത്തോത് 80.53 ശതമാനമായിരുന്നു. ജൂൺ 30 വൈകിട്ട് 6.50 വരെയുള്ള റേഷൻ വിതരണ തോത് 79.08 ശതമാനമാണ്. 8.45 ലക്ഷം കാർഡുടമകൾ 30ന് സംസ്ഥാനത്ത് റേഷൻ വാങ്ങി.






