
പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ മൂന്നാമത്തേതും അവസാനത്തേതുമായ അലോട്ട്മെന്റ് റിസൾട്ട് ജൂലൈ 1ന് രാവിലെ പ്രസിദ്ധീകരിക്കും. പ്രവേശനം ജൂലൈ 1ന് രാവിലെ 10 മുതൽ 4ന് വൈകിട്ട 4 വരെ നടക്കും. അലോട്ട്മെന്റ് വിവരങ്ങൾ www.hscap.kerala.gov.in ലെ Candidate Login-SWS ലെ Third Allot Results എന്ന ലിങ്കിൽ ലഭിക്കും. അലോട്ട്മെന്റ് ലഭിച്ചവർ ലിങ്കിൽ നിന്ന് ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിലെ സ്കൂളിൽ രക്ഷകർത്താവിനോടൊപ്പം സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാർഥികളെ തുടർന്നുള്ള സപ്ലിമെന്ററി അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല. വിദ്യാർഥികൾക്ക് തങ്ങൾ അപേക്ഷിച്ച ഓരോ സ്കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാം. സ്പോർട്സ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്റും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. ഇതിന്റെ പ്രവേശനം ജൂലൈ 3ന് വൈകിട്ട് 4 മണി വരെയാണ്.
ഇതുവരെ അപേക്ഷിക്കുവാൻ കഴിയാത്തവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാം. മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതു മൂലവും ഫൈനൽ കൺഫർമേഷൻ നൽകാത്തതിനാലും അലോട്ട്മെന്റിന് പരിഗണിക്കാത്ത അപേക്ഷകർക്കും സപ്ലിമെന്ററി ഘട്ടത്തിൽ പുതിയ അപേക്ഷകൾ നൽകാം. മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കി നൽകാം. മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ടും തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ പ്രവേശനം നിരസിക്കപ്പെട്ടവർക്ക് തെറ്റു തിരുത്തി പുതിയ അപേക്ഷ നൽകാവുന്നതാണ്






