
പ്രൊഫ. വി സാംബശിവന്റെ ആരാധകർ സാംബശിവൻ മെമ്മോറിയൽ ഇന്റർനാഷണൽ കൾച്ചറൽ അസോസിയേഷൻ രൂപീകരിച്ചു. ഭാരത്‌ഭവനിൽ നടന്ന ചടങ്ങിൽ മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനംചെയ്‌തു. കഥാപ്രസംഗകലയെ ജനകീയമാക്കാൻ പ്രൊഫ. വി സാംബശിവന് കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഇടതുപക്ഷത്തെ കെട്ടിപ്പടുക്കാൻ സാംബശിവന്റെ കഥാപ്രസംഗങ്ങൾ വഹിച്ച പങ്ക് വലുതാണ്. താൻ ഇന്നും അദ്ദേഹത്തിന്റെ കഥാപ്രസംഗങ്ങളുടെ ആരാധകനാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ സംഘടനയുടെ പ്രസിഡന്റ് ബി ആർ ഭദ്രൻ അധ്യക്ഷനായി. ലോകമലയാളി ഫെഡറേഷൻ പ്രസിഡന്റ് ഡോ. ജെ രത്‌നകുമാർ, പ്രമോദ് പയ്യന്നൂർ, പ്രൊഫ. ചിറക്കര സലിംകുമാർ, ദേവദാസ്, അജയൻ ഉണ്ണി പറമ്പിൽ, പ്രൊഫ. വി ഹർഷകുമാർ എന്നിവരും സംസാരിച്ചു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എസ് അശോകൻ സ്വാഗതവും ട്രഷറർ എൻ അനിൽകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് ചിറക്കര സലിംകുമാറിന്റെ സാംബശിവൻ കഥകളുടെ രാജശിൽപ്പി എന്ന കഥാപ്രസംഗത്തിന്റെ നൂറാമത് അവതരണവും നടന്നു.





