കണ്ണൂര്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ് തുടങ്ങി അതിനൂതന ആശയങ്ങളുമായി സാങ്കേതിക വിദ്യ കുതിച്ചുയരുന്ന കാലത്ത് പോളിടെക്‌നിക്കുകളെ നവീകരിക്കാനുള്ള പദ്ധതികള്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ധീരമായി ഏറ്റെടുക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു.
ജില്ലയിലെ മലയോര മേഖലയില്‍ ആരംഭിച്ച ആദ്യത്തെ സര്‍ക്കാര്‍ ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ നടുവില്‍ ഗവ. പോളിടെക്‌നിനിക് കോളേജ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. യുവ മസ്തിഷ്‌കങ്ങളില്‍ രൂപം കൊള്ളുന്ന പുത്തന്‍ ആശയങ്ങള്‍ക്ക് ചിറകുകള്‍ നല്‍കി വൈജ്ഞാനിക ആകാശത്തേക്ക് പറത്തി വിടാനുതകുന്ന ഭൗതിക, അക്കാദമിക സാഹചര്യങ്ങള്‍ ഒരുക്കണമെന്ന ആഗ്രഹമാണ് സര്‍ക്കാറിനെ നയിക്കുന്നത്.അതിനായി മികച്ച വര്‍ക്ക് ഷോപ്പുകളും ലാബുകളും പോളിടെക്‌നിക്കുകള്‍ക്ക് നല്‍കി വരികയാണ്.
നൂതനമായ ആശയങ്ങള്‍ മുന്നോട്ട് വെക്കുന്ന വിദ്യാര്‍ഥികള്‍ക്ക് യങ് ഇന്നവേറ്റര്‍ പ്രോഗ്രാം എന്ന പേരില്‍ അഞ്ച് ലക്ഷം രൂപ മുതല്‍ 25 ലക്ഷം രൂപ വരെ നല്‍കുന്ന പദ്ധതികള്‍ സംസ്ഥാനത്തുണ്ടെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യസ മേഖലയില്‍ അവികസിതമായ സ്ഥിതി നിലനില്‍ക്കുന്ന പ്രദേശങ്ങളായ കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, ഇടുക്കി ജില്ലകളില്‍ ഉന്നത വിദ്യാഭ്യാസ കാര്യത്തില്‍ പ്രാധാന്യം നല്‍കുമെന്നും മന്ത്രി പറഞ്ഞു.