
അമിത വില ഈടാക്കല്‍ കണ്ടെത്തുന്നതിനായി സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂറിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ചാത്തന്നൂര്‍, പാരിപ്പള്ളി, കൊട്ടിയം, മൈലക്കാട് എന്നിവിടങ്ങളിലെ വ്യാപാര കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി. 26 വ്യാപാര സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. പ്രാഥമികമായി ക്രമക്കേട് കണ്ടെത്തിയ 16 സ്ഥാപനങ്ങള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. സിവില്‍ സപ്ലൈസ് വകുപ്പ് 10 കേസുകളും, ഭക്ഷ്യസുരക്ഷാ വകുപ്പ് മൂന്ന് കേസുകളും, ലീഗല്‍ മെട്രോളജി വകുപ്പ് മൂന്ന് കേസുകളും രജിസ്റ്റര്‍ ചെയ്തു. ക്രമക്കേട് കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ തുടര്‍നടപടി സ്വീകരിക്കാനായി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
അളവ്തൂക്ക ഉപകരണങ്ങളുടെ രേഖകളും, സാധനങ്ങളുടെ പാക്കിങ് രജിസ്ട്രേഷന്, കടകളിലെ പര്‍ച്ചേസ് ബില്‍, ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം, വില, തൂക്കം എന്നീ ഘടകങ്ങളില്‍ കൃത്രിമം കാണിച്ച വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി. സാധനങ്ങളുടെ വിലവിവരപ്പട്ടിക കൃത്യമായി പ്രദര്‍ശിപ്പിക്കാന്‍ കടയുടമകള്‍ക്ക് സബ് കലക്ടര്‍ നിര്‍ദേശം നല്കി.
ജില്ലാ സപ്ലൈ ഓഫീസര്‍ സി വി മോഹന്‍ കുമാര്‍, ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ വിനോദ് കുമാര്‍, കൊല്ലം താലൂക്ക് സപ്ലൈ ഓഫീസര്‍ റെജി, ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്ട്രോളര് എം എസ് സന്തോഷ്, ഇന്‍സ്പെക്ടര്‍ ബി മുരളീധരന്, റേഷനിങ് ഇന്‍സ്പെക്ടര്‍മാര്‍, ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍, പോലീസ്, എല്‍ എസ് ജി ഡി ആരോഗ്യ വിഭാഗം ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.








