
കടയ്ക്കൽ സാംസ്‌കാരിക സമിതിയും,കടയ്ക്കൽ ഗ്രാമപഞ്ചായത്തും ചേർന്ന് സംഘടിപ്പിക്കുന്ന കൊല്ലം ജില്ലയിലെ ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മയായ കടക്കൽ ഫെസ്റ്റിന്റെ സംഘാടകസമിതി യോഗം കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്നു.

ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ ഉദ്ഘാടനം ചെയ്തു.കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ അധ്യക്ഷനായിരുന്നു .

വൈസ് പ്രസിഡന്റ് ആർ ശ്രീജ സ്വാഗതം പറഞ്ഞു.പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ വേണുകുമാരൻ നായർ, കെ എം മാധുരി,

കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ, പി പ്രതാപൻ, വി സുബ്ബലാൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുധിൻ, റ്റി എസ് പ്രഫുല്ലഘോഷ്, സി ദീപു, പഞ്ചായത്ത് മെമ്പർമാർ, ഗ്രന്ഥശാല ക്ലബ് ഭാരവാഹികൾ, കുടുംബശ്രീ സി ഡി എസ് അംഗങ്ങൾ,

കടയ്ക്കൽ സാംസ്‌കാരിക സമിതി ഭാരവാഹികളായ കടയ്ക്കൽ ഷിബു, അരുൺ കെ എസ്, വികാസ്, ദീപു കൃഷ്ണൻ, വ്യാപാരികൾ മാധ്യമ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

കാർഷിക വിപ്ലവത്തിന്റെ നാട്ടിൽ വീണ്ടുമൊരു ഓണം ഫെസ്റ്റ്
ചരിത്രമുറങ്ങുന്ന കടയ്ക്കലിൽ ഫെസ്റ്റ് സംഘടിപ്പിക്കുമ്പോൾ പഴയകാലത്തെ വിസ്മരിക്കാനാകില്ല.ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ നിറംമങ്ങാത്ത അധ്യായമാണ് കടയ്ക്കൽ വിപ്ലവം,

കടയ്ക്കൽ ചന്തയിലെ അന്യായ പണപ്പിരിനെതിരെ സർ സി പി യുടെ ചോറ്റു പട്ടാളത്തോട് ഏറ്റുമുട്ടി രക്തസാക്ഷിത്വം വഹിച്ച ബീഡി വേലു, തോട്ടുംഭാഗം സദാനന്ദൻ,ചന്തവിള ഗംഗാധരൻ, പുത്തൻവീട്ടിൽ നാരായണൻ, പറയാട് വാസു അടക്കമുള്ള വിപ്ലവ നായകരുടെ മണ്ണിൽ നിന്നുകൊണ്ടാണ് കടയ്ക്കൽ ഫെസ്റ്റ് 2023 വീണ്ടും പുനർജനിക്കുന്നത്.

ഒരുകാലത്ത് തെക്കൻ കേരളത്തിലെ പ്രധാന നാണ്യവിള കേന്ദ്രം കടയ്ക്കൽ ആയിരുന്നു, ഏറ്റവും പ്രധാനപ്പെട്ട കാർഷിക വിപണന കേന്ദ്രം കൂടിയായിരുന്നു കടയ്ക്കൽ ചന്ത,1938 സെപ്റ്റംബർ 26 ന് കടയ്ക്കൽ അൽത്തറമൂട്ടിൽ ചേർന്ന തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ യോഗമാണ് കടയ്ക്കൽ പ്രക്ഷോഭത്തിന് തിരിയിട്ടത്.

അനുവദിച്ചതിലും പതിന്മടങ്ങ് കരം പിരിക്കുന്നവർക്കെതിരെയും അവർക്ക് പിന്തുണ നൽകുന്ന പോലീസുകാർക്കെതിരെയുമായിരുന്നു പ്രക്ഷോഭം.

1114 കന്നി 13 ന് പോലീസ് സ്റ്റേഷൻ തകർത്തായിരുന്നു ജനകീയ പ്രതിരോധം അവസാനിച്ചത്.തുടർന്ന് കടയ്ക്കലിനെ ഒരു രാജ്യമായി പ്രഖ്യാപിച്ചു.കടയ്ക്കൽ സ്റ്റാലിൻ എന്നറിയപ്പെടുന്ന ഫ്രാങ്കോ രാഘവൻ പിള്ള രാജാവായും, ചന്തിരൻ കാളിയമ്പി മന്ത്രിയുമായി ഒരു ജനകീയ സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു. അത് ചരിത്രം.

സംഘാടക സമിതി
ചെയർമാൻ
എം. മനോജ്‌കുമാർ
(കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)
ജനറൽ കൺവീനർ
വി. സുബ്ബലാൽ
ചീഫ് കോർഡിനേറ്റർ
പി. പ്രതാപൻ
വൈസ് ചെയർമാൻമാർ
റ്റി എസ് പ്രഫുല്ലഘോഷ്
വി ബാബു
ജോയിന്റ് കൺവീനർ
സി ദീപു
സുധിൻ
ട്രഷറർ
സനു കുമ്മിൾ
കൂടാതെ ഫെസ്റ്റ് ഏകോപനത്തിനായി 20 സബ് കമ്മറ്റികളും രൂപീകരിച്ചു.
വിരസമായ ദിനരാത്രങ്ങൾക്ക് ഉത്സവചാരിത ഏകി ഓണക്കാലത്തിന് നിറവ് പകർന്ന് കടയ്ക്കൽ സാംസ്കാരിക സമിതിയുടെയും, കടയ്ക്കൽ ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന കടയ്ക്കൽ ഫെസ്റ്റ് വീണ്ടും…

ഒന്നിച്ചിരിക്കുമ്പോഴൊക്കെയും നമ്മൾ സ്ഫുടം ചെയ്തുകൊണ്ടിരിക്കുന്ന കരുതലിന്റെയും, സ്നേഹത്തിന്റെയും ചുവന്നുതുടുത്ത ചിന്തകൾ ആരെയൊക്കെയോ ഉറക്കം കെടുത്തി കൊണ്ടിരിക്കുന്ന ഈ വർത്തമാനകാലത്തിൽ എല്ലാ വിലക്കുകളെയും കാറ്റിൽ പറത്തി വീണ്ടും നമുക്കൊന്നിച്ചിരിക്കാം.

ഇവിടെ ആരും ആരെയും മാറ്റിനിർത്തില്ലെന്ന് പോയ കാല അനുഭവത്തിന്റെ ഒളിമങ്ങാത്ത ഓർമ്മകളോടെ വീണ്ടും കുറച്ച് ദിനരാത്രങ്ങൾ.








