
കോഴിക്കോട്: കുപ്രസിദ്ധ മോഷ്ടാവ് ‘വാട്ടർ മീറ്റർ കബീര്‍’ പൊലീസ് പിടിയില്‍. താമരശ്ശേരി – കൊയിലാണ്ടി സംസ്ഥാന പാതയിൽ താമരശ്ശേരി ബിഎസ്എൻഎൽ ഓഫീസിന് അടുത്തുള്ള വീട്ടിൽ കവർച്ച നടത്തിയ കേസിലാണ് പ്രതി പിടിയിലായത്.ഗൂഡല്ലൂർ ബിതർക്കാട് മേലത്തു വീട്ടിൽ അബ്ദുൽ കബീർ (53) എന്ന വാട്ടർ മീറ്റർ കബീറിനെ കോഴിക്കോട് റൂറൽ എസ്പി ആർ കറപ്പസാമിയുടെ മേൽനോട്ടത്തിലുള്ള സംഘമാണ് പിടികൂടിയത്.
പനന്തോട്ടത്തിൽ ഇന്ദിരയുടെ വീട്ടിൽ നിന്നും എട്ടര പവൻ സ്വർണ്ണാഭരണങ്ങളും രണ്ടു വാച്ചുകളും ആയിരം രൂപയും കവർന്ന കേസിലാണ് അറസ്റ്റ്.
കഴിഞ്ഞ മാസം ജൂൺ 24നാണ് വീട് പൂട്ടി കുടുംബം വയനാട് പോയത്. വീടിന്റെ പിൻവശം ഉള്ള വർക്ക് ഏരിയയുടെ പൂട്ട് തകർത്ത് ഉള്ളിൽ കയറി അലമാര പൊളിച്ചായിരുന്നു മോഷണം. വീട്ടിലെ സിസിടിവി ഹാർഡ് ഡിസ്‌കും ഇയാൾ കൊണ്ട് പോയിരുന്നു.
ആളൊഴിഞ്ഞ കെട്ടിടങ്ങളിലും പള്ളികളിലും കിടന്നുറങ്ങി രാത്രി കളവ് നടത്തുന്നതാണ് പ്രതിയുടെ രീതി. സംഭവദിവസം വൈകിട്ട് താമരശ്ശേരി എത്തിയ ഇയാൾ റോഡ് സൈഡിൽ ഗേറ്റ് താഴിട്ടു പൂട്ടിയതും പകൽ പുറത്ത് ലൈറ്റ് ഇട്ട് വെച്ചതും കണ്ടാണ് രാത്രിയിൽ തിരിച്ചെത്തി കളവ് നടത്തിയത്. സ്വർണ്ണാഭരണം വിറ്റ നാല്‍പതിനായിരം രൂപ പ്രതിയിൽ നിന്നും പൊലീസ് കണ്ടെടുത്തു. കോഴിക്കോട്, മലപ്പുറം, തൃശൂർ, വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽ നിരവധി കേസുകളിൽ പ്രതിയാണ് ഇയാള്‍.
താമരശ്ശേരി ഡിവൈഎസ്പി അഷ്‌റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ സത്യനാഥൻ, സ്‍പെഷ്യൽ സ്‌ക്വാഡ് എസ്ഐമാരായ രാജീവ് ബാബു, ബിജു പൂക്കോട്ട്, എസ് സിപിഒ ജയരാജൻ എൻഎം, ജിനീഷ് പിപി, താമരശ്ശേരി എസ്.ഐമാരായ അബ്ദുൽ റസാഖ് വി.കെ, എഎസ്ഐ ശ്രീജിത്ത് എസ്ഡി, ടെലി കമ്മ്യൂണിക്കേഷൻ എസ്ഐ നൗഷാദ്. ടി, എസ് സിപിഒ പ്രവീൺ എംജി എന്നിവരടങ്ങിയ സംഘമാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.









