
ഇൻഫോസിസിന്റെ പഠന പ്ലാറ്റ്ഫോം പങ്കിടാനും സഹകരിക്കാനും ഇൻഫോസിസും ഡയറക്ട്രേറ്റ് ഓഫ് ടെക്നിക്കൽ എജുക്കേഷനും ധാരണാപത്രം ഒപ്പുവച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ സാന്നിധ്യത്തിൽ ഇൻഫോസിസ് സീനിയർ വൈസ് പ്രസിഡന്റും എജുക്കേഷൻ ട്രെയിനിംഗ് ആൻഡ് അസസ്മെന്റ് മേധാവിയുമായ തിരുമല അരോഹിയും സംസ്ഥാന ടെക്നിക്കൽ എജുക്കേഷൻ ഡയറക്ടർ ഡോ. രാജശ്രീ എം.എസുമാണ് ധാരണാപത്രം ഒപ്പുവച്ചത്.ഇതുവഴി കേരളത്തിലെ വിദ്യാർഥികൾക്ക് സൗജന്യ പ്ലാറ്റ്ഫോമിലൂടെ 16,000ത്തിലധികം കോഴ്സുകളിലേക്ക് പ്രവേശനം ലഭിക്കും. ഈ പ്ലാറ്റ്ഫോം ഉപയോഗിച്ച് എൻജിനിയറിംഗ് കോളജുകളിലെ പ്രൊഫസന്മാർക്ക് വെർച്വൽ ക്ലാസുകൾ നടത്താം. ഓൺലൈൻ മൂല്യനിർണയവും സാധ്യമാകും. ഫാക്കൽറ്റിയ്ക്ക് വിദ്യാഭ്യാസ സ്ഥാപനത്തിനായി മൈക്രോസൈറ്റുകളും സൃഷ്ടിക്കാം. ഇൻഫോസിസിന്റെ സ്പ്രിംഗ് ബോർഡ് പ്ലാറ്റ്ഫോമിൽ ലഭ്യമായ കോഴ്സുകളിലൂടെ അധ്യാപകർക്ക് സ്വയം വൈദഗ്ധ്യം നേടാനും പുതിയ കഴിവുകൾ സ്വായത്തമാക്കാനും സാധിക്കും.





