നഗരഹൃദയത്തിലെ മണക്കാട് നടന്ന വൻ മോഷണത്തിലെ പ്രതിയെ പൊലീസ് പിടികൂടി. മണക്കാട് സ്വദേശി രാമകൃഷ്ണൻ്റെ വീട്ടിലാണ് മോഷണം നടന്നത്. നൂറോളം പവൻ സ്വർണ്ണമാണ് ഇവിടെ നിന്ന് മോഷണം പോയത്. കൃത്യമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ ഫോർട്ട് പൊലീസ് പിടികൂടിയത്. വള്ളക്കടവിൽ താമസിക്കുന്ന നെടുമങ്ങാട് സ്വദേശി ഷഫീക്കിനെയാണ് (30) ഫോർട്ട് പൊലീസിന്റെ പ്രത്യേക സംഘം ഇന്നലെ ഉച്ചയോടെ മെഡിക്കൽ കോളേജിന് സമീപത്തെ ലോഡ്ജിൽ നിന്ന് പിടികൂടിയത്.വീടിൻ്റെ രണ്ടാം നിലയിലെ മുറികളിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണം വീട്ടുകാർ ഇല്ലാത്ത സമയത്താണ് മോഷണം നടത്തിയത്. പ്രതിയെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ് രംഗത്തെത്തിയിരുന്നു. പ്രതിയെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഷെഫീക്കിനെ ലോഡ്ജിൽ നിന്ന് പിടികൂടിയ സമയത്ത് സ്വർണത്തിൻ്റെ ഒരു ഭാഗവും പ്രതിയിൽ നിന്ന് കണ്ടെടുത്തിരുന്നു. തുടർന്ന് പ്രതിയെ രഹസ്യ കേന്ദ്രത്തിലെത്തിച്ച് പൊലീസ് സംഘം വിശദമായി ചോദ്യം ചെയ്തു. ശേഷിച്ച സ്വർണം കണ്ടെത്താനായി രാത്രി തന്നെ പ്രതിയുമായി നെടുമങ്ങാട്ടെ വീട്ടിലും മറ്റ് സ്ഥലങ്ങളിലും പൊലീസ് എത്തിയിരുന്നു. ഇന്ന് ഉച്ചയോടെ ഷെഫീക്കിൻ്റെ അറസ്റ്റ് രേഖപ്പെടുത്താനാണ് നീക്കം നടക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
ഫോർട്ട്, തമ്പാനൂർ, വിഴിഞ്ഞം സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ നടത്തിയ സംയുക്ത നീക്കത്തിനൊടുവിലാണ് പ്രതിയെ പൊലീസ് കുടുക്കിയത്. ഷാഡോ പൊലീസും പ്രതിക്കായി രംഗത്തുണ്ടായിരുന്ന. അന്വേഷണത്തിനിടെയാണ് ലോഡ്ജിൽ താമസിക്കുന്നെന്ന വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. മോഷണം നടന്ന വീട്ടിലെ അംഗങ്ങൾ ക്ഷേത്ര ദർശനത്തിനത്തിന് പോകുന്നതിന് മുൻപേ മോഷ്ടാവ് വീട്ടിനുള്ളിൽ കടന്ന് ഒളിച്ചിരുന്നുവെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്.
എന്നാൽ ഇത് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.വലിയ തുറയിൽ മോഷണത്തിനിടെ വൃദ്ധയായ വീട്ടമ്മയെ ബലാൽസംഗം ചെയ്ത പ്രതിയാണ് ഈ മോഷണവും നടത്തിയ ഷെഫീക്കെന്ന് പൊലീസ് പറഞ്ഞു. രാമകൃഷ്ണൻ്റെ വീടിൻ്റെ രണ്ടാംനിലയിൽ സ്വർണ്ണം സൂക്ഷിച്ചിരുന്ന മുറികളിൽ മാത്രമാണ് പ്രതി കയറിയത്. മുറിയിലെ സാധനങ്ങളെല്ലാം വലിച്ചുവാരി ഇട്ട നിലയിലായിരുന്നു. പ്രതിക്ക് സ്വർണ്ണത്തെക്കുറിച്ച് നേരത്തെ അറിവുണ്ടായിരുന്നു എന്ന് പൊലീസ് കരുതുന്നുണ്ട്.