സംസ്ഥാന തലത്തിൽ മാർക്കറ്റിങ് സഹകരണ രംഗത്ത് മികച്ച നിലയിൽ പ്രവർത്തിക്കുന്ന രണ്ടാമത്തെ സഹകരണസംഘത്തിനുള്ള അവാർഡ് ലൈവ് സ്റ്റോക്ക് ആൻഡ് ഹോർടികൾച്ചറൽ പ്രൊഡ്യൂസേഴ്സ്, പ്രോസസിങ് ആൻഡ് മാർക്കറ്റിങ്
കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റ് എസ്. രാജേന്ദ്രൻ സഹകരണ വകുപ്പ് മന്ത്രി വി. എൻ. വാസവനിൽ നിന്നും ഏറ്റ് വാങ്ങി.

ഡയറക്ടർ ബോർഡ് അംഗങ്ങളായ എസ് വിക്രമൻ പ്രൊഫ. ശിവദാസൻപിള്ള, തേക്കിൽ ജബ്ബാർ എന്നിവർ പങ്കെടുത്തു.

കിഴക്കൻ മേഖലയിൽ ഇട്ടിവ തേക്കിൽ പ്രവർത്തിക്കുന്ന ജില്ലാ ലൈവ് സ്റ്റോക്ക് ആൻഡ് ഹോർട്ടി കൾച്ചറൽ പ്രൊഡ്യൂസേഴ്സ്, പ്രോസസിങ് ആൻഡ്‌ മാർക്കറ്റിങ് കോ– ഓപ്പറേറ്റീവ് സൊസൈറ്റിക്ക്‌ ഇത്‌ അഭിമാന നിമിഷം.

മാർക്കറ്റിങ്‌ സഹകരണ രംഗത്ത് മികച്ച നിലയിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ സംഘമായാണ് തെരഞ്ഞെടുക്കപ്പെട്ടത്.

കാർഷിക മേഖലയിലും മൃഗസംരക്ഷണ മേഖലയിലും ഇടപെട്ട് ഉൽപ്പാദന വർധനവും കൃഷിക്കാർക്ക് മെച്ചപ്പെട്ട വരുമാനവും ഉറപ്പു വരുത്തുക, വിഷരഹിതവും, ഗുണമേന്മയുള്ളതുമായ പച്ചക്കറിയും പഴവർഗങ്ങളും പാലും മാംസവും ജനങ്ങൾക്ക് ന്യായവിലയ്ക്ക് ലഭ്യമാക്കുക, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് സൊസൈറ്റിയുടെ ലക്ഷ്യം.

അംഗങ്ങളായ കൃഷിക്കാരുടെ ഉൽപ്പന്നങ്ങൾക്ക് വിപണന മാർഗവും ഒരുക്കുന്നുണ്ട്.
ആദ്യത്തെ ഫാം തേക്കിൽ ഒരു വർഷം മുമ്പാണ്‌ പ്രവർത്തനം ആരംഭിച്ചത്‌. ഇവിടെ 250 ആടിനെ വളർത്തുന്നുണ്ടിപ്പോൾ. 50 മുറ വിഭാഗത്തിൽപെട്ട പോത്തുകളും, 50 പശുക്കളെ വളർത്തുന്നതിനും സൗകര്യം ഉറപ്പുവരുത്തി.

രണ്ടേക്കറിൽ പുൽക്കൃഷിയും രണ്ടേക്കറിൽ പച്ചക്കറിയും പഴവർഗങ്ങളും കൃഷിചെയ്യുന്നു. ഫിഷറീസ്‌ വകുപ്പിന്റെ സഹായത്തോടെ മത്സ്യക്കൃഷി ആരംഭിച്ചു. 20 തൊഴിലാളികൾക്ക്‌ സ്ഥിരം ജോലി നൽകുന്നു.


അഞ്ചൽ അലയമൺ പഞ്ചായത്തിൽ ആരംഭിച്ച ഫാമിൽ 50 മുറപോത്ത്‌, 100 പശു, 150 പോത്ത്‌, 50 എരുമ, 250 ആട്‌ എന്നിവയുണ്ട്‌. 20 ഏക്കർ കൃഷിഭൂമി പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്നതിന്‌ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്‌.

അഞ്ചൽ കേന്ദ്രീകരിച്ച്‌ ശീതീകരണ സൗകര്യത്തോടെ വിപുലമായ സംഭരണ വിപണന സംവിധാനം ആരംഭിക്കാൻ കോ -–-ഓപ്പറേറ്റീവ്‌ മാർട്ട്‌ ഉടൻ ആരംഭിക്കുമെന്ന്‌ സൊസൈറ്റി പ്രസിഡന്റ് എസ്‌ രാജേന്ദ്രൻ പറഞ്ഞു.

error: Content is protected !!