അരിയും മൂല്യവർധിത ഉൽപ്പന്നങ്ങളും വിദേശ വിപണിയിലെത്തിക്കുന്നതിനായി ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിൽ കുട്ടനാട് റൈസ് പാർക്ക് വരുന്നു. മുളക്കുഴ പഞ്ചായത്തിൽ കോട്ടയിൽ വ്യവസായ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള പ്രഭുറാം മിൽസിന്റെ 13.67 ഏകർ ഭൂമിയിൽ 5.18 ഏക്കർ സ്ഥലത്താണ് 6582 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഫാക്ടറി സംവിധാനം പാർക്കിനായി ഒരുക്കുന്നത്. പാർക്ക് യാഥാർഥ്യമാകുന്നതേടെ കുട്ടനാടൻ ബ്രാൻഡ് ആഗോള വിപണിയിലെത്തും. ഇതുവഴി ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കോട്ടയം ജില്ലകളിലെ നെല്ല് സംഭരിക്കാനും കഴിയും.
മന്ത്രി സജി ചെറിയാൻ പാർക്കിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തി. പ്രവർത്തനങ്ങൾ പൂർത്തിയാക്കി അടുത്തു തന്നെ പദ്ധതി കമ്മിഷൻ ചെയ്യാനാകുമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് മന്ത്രി സജി ചെറിയാൻ നൽകിയ നിവേദനത്തിലാണ് പാർക്ക് നിർമാണത്തിനുള്ള അനുമതി ലഭിച്ചത്. കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തിയാണ് പദ്ധതിക്കു ഫണ്ട് കണ്ടെത്തിയത്.
കുട്ടനാട്, അപ്പർ കുട്ടനാട് ഉൾപ്പെടെയുള്ള മേഖലകളിലെ കർഷരിൽനിന്ന് നേരിട്ട് സംഭരിക്കുന്ന നെല്ലാണ് പാർക്കിൽ സംസ്കരിക്കുക. ഇതിനായി സെൻട്രൽ ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഡിഫൻസ് ഫുഡ് റിസർച്ച് ലബോറട്ടറി സ്ഥാപനങ്ങളുടെ സഹായമുണ്ടാകും. സപ്ലൈ കോ, കൺസ്യൂമർഫെഡ് സംവിധാനങ്ങളിലൂടെയാണ് ഉൽപ്പന്നങ്ങൾ വിപണിയിലിറക്കുക.
മണിക്കൂറിൽ അഞ്ചു ടൺ പ്രോസസ് ചെയ്യാവുന്ന അത്യാധുനിക ഉപകരണങ്ങളാണ് പാർക്കിൽ സ്ഥാപിക്കുക. 300 ദിവസം രണ്ടു ഷിഫ്റ്റുകളിലായി തൊഴിൽ നൽകാനാകും. വർഷം 24,000 മെട്രിക് ടൺ നെല്ല് സംഭരിക്കാനും അതിനെ അരിയാക്കി മാറ്റാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തുന്ന 5000 മെട്രിക് ടൺ സൈലോകളിൽ നെല്ലു കേടു കൂടാതെ സംഭരിക്കാനാകും.
സംഭരണത്തിനായി ശാസ്ത്രീയമായ രീതികൾ ഉപയോഗിക്കുന്നതു കൊണ്ടു കൊയ്ത്തു കഴിഞ്ഞ നെല്ല് വേഗത്തിൽ സംഭരണ കേന്ദ്രത്തിൽ എത്തിച്ചാൽ നെല്ല് ഏറ്റെടുക്കുന്നതിലുള്ള കാലതാമസം മൂലമുള്ള നഷ്ടവും കൊയ്ത നെല്ലു വെള്ളം കയറി നശിക്കുന്നതു പോലുള്ള നഷ്ടങ്ങളും ഒഴിവാക്കാനാകും. പ്രഭുറാം മിൽസിന്റെ നവീകരണത്തിനൊപ്പം തൊഴിലാളികളുടെ പുനരധിവാസവും ധാരണയായിട്ടുണ്ട്. കിറ്റ്കോ ലിമിറ്റഡ് തയ്യാറാക്കിയ 36 കോടി രൂപയുടെ പദ്ധതി നോഡൽ ഏജൻസിയായ കിൻഫ്ര, കരാറുകാരായ ക്രസന്റ് കൺസ്ട്രക്ഷൻ കമ്പനിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.