കുടുംബശ്രീ പുസ്തക ശേഖരണം ഡോ. വി ശിവദാസന്‍ എംപി ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ മേഖലയില്‍ നിന്നും ശേഖരിച്ച പുസ്തകങ്ങള്‍ സ്വീകരിച്ച് കൊണ്ടായിരുന്നു ഉദ്ഘാടന പരിപാടി. കണ്ണൂര്‍ ജില്ലയിലെ എല്ലാ വാര്‍ഡുകളിലും വായനശാലകള്‍ ആരംഭിക്കുകയെന്ന ലക്ഷ്യവുമായി പിഎംഎസ്ഡി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയായാണ് കുടുംബശ്രീയുടെ പുസ്തക ശേഖരണ പരിപാടി.അമ്പതിനായിരം പുസ്തകങ്ങളാണ് കുടംബശ്രീ ശേഖരിച്ച് നല്‍കുക. വായനയും വായനശാലകളും സ്ത്രീശാക്തീകരണത്തില്‍ വലിയ പങ്ക് വഹിക്കുമെന്നത് ചരിത്ര യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ടുതന്നെ കുടുംബശ്രീയുടെ മുന്നേറ്റത്തില്‍ ലൈബ്രറികളുടെ സ്ഥാപനവും വ്യാപനവും വലിയ പങ്ക് വഹിക്കും. ഇന്ത്യയിലാദ്യമായി എല്ലാ വാര്‍ഡുകളിലും വായനശാലകളുള്ള ജില്ലയായി കണ്ണൂരിനെ മാറ്റുന്നതിനായി ജില്ലയില്‍ വിവിധ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്
വായനയുടേയും വായനശാലകളുടേയും പ്രാധാന്യം വിളംബരം ചെയ്തുകൊണ്ടുള്ള പരിപാടികള്‍ അതിനായി കുടുംബശ്രീ നേതൃത്വത്തില്‍ സംഘടിപ്പിക്കും. നിലവില്‍ നടന്ന് കൊണ്ടിരിക്കുന്ന മിഷന്‍ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ സജീവപ്പെടുത്തുന്നതിനായി കുടുംബശ്രീ നേതൃത്വത്തില്‍ പ്രദേശികമായി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരികയാണ്. ലൈബ്രറി സ്ഥാപനത്തിനായി എല്ലാ വിഭാഗം ജനങ്ങളില്‍ നിന്നും വലിയ പിന്തുണയാണ് പിഎംഎസ്ഡിക്ക് ലഭ്യമായിക്കൊണ്ടിരിക്കുന്നത്.
വായനശാലകളുടെ വ്യാപനത്തിന്റെ അടിയന്തിര ആവശ്യം ബഹുജനാവബോധമാക്കി മാറ്റുന്നതില്‍ മിഷന്‍ വലിയ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. പുതിയ വായനശാലകള്‍ ആരംഭിക്കപ്പെടുകയും വിപുലീകരിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. 2024 വര്‍ഷത്തോടെ ഇന്ത്യയില്‍ ആദ്യമായൊരു ജില്ല എല്ലാ വാര്‍ഡിലും ലൈബ്രറികളുള്ള ജില്ലയായി മാറും. അത് കണ്ണൂര്‍ ജില്ലയായിരിക്കും. വായനശാലകളുടെ സാന്ദ്രതയില്‍ ലോകത്തിന്റെ നെറുകയിലേക്ക് കണ്ണൂര്‍ എത്തിചേരും.
പരമാവധി പൊതു സ്ഥലങ്ങള്‍ കണ്ടെത്തുകയും അതിനെ വായനലയശാലകളും കളിസ്ഥലങ്ങളും സാമൂഹ്യവിജ്ഞാന വിനിമയകേന്ദ്രങ്ങളുമായി മാറ്റിതീര്‍ക്കുകയാണ് ലക്ഷ്യമിടുന്നത്. ജാതി-മത-കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാ വിഭാഗത്തില്‍പ്പെട്ട ആളുകളില്‍ നിന്നും വലിയ പിന്തുണയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.ജില്ലയില്‍ 2023 ഡിസംബര്‍ 31 നകം വായനശാലകളില്ലാത്ത വാര്‍ഡില്‍ പുതിയതായി ആരംഭിക്കുന്ന എല്ലാ വായനശാലകള്‍ക്കും ഉദ്ഘാടനവേളയില്‍ ചുരുങ്ങിയത് 100 പുസ്തകമെങ്കിലും പിഎംഎസ്ഡി നല്‍കുന്നതാണെന്ന് പ്രഖ്യാപിച്ചിരുന്നു.
അതിനു പുറമെ ആദിവാസി മേഖലയില്‍ പുസ്തക ശേഖരം പൂര്‍ത്തിയാക്കാനാകുന്നില്ലെങ്കില്‍ ഉദ്ഘാടന വേളയില്‍ നല്‍കുന്നതിന് പുറമെ ലൈബ്രറി രജിസ്ടേഷന് ആവശ്യമായിവരുന്ന പുസ്തക ശേഖരം പൂര്‍ത്തിയാക്കുന്നതിനുള്ള സഹായവും നല്‍കുന്നുണ്ട്. അതിനായി വ്യക്തികളും സ്ഥപനങ്ങളും നല്‍കുന്ന സഹായങ്ങള്‍ക്ക് പുറമെയാണ് കുടുംബശ്രീ നേതൃത്വത്തിലുള്ള പുസ്തക സമാഹരണം.
കുടുംബശ്രീ നേതൃത്വത്തില്‍ പിന്നോക്ക പ്രദേശങ്ങളിലെ ലൈബ്രറികളെ സഹായിക്കുന്നതിനുള്ള പുസ്തക ശേഖരണം വന്‍വിജയമാക്കണമെന്ന് കുടുംബശ്രി ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. എം സുര്‍ജിത്ത് അഭ്യര്‍ത്ഥിച്ചു. ചടങ്ങില്‍ വി ജ്യോതി ലക്ഷ്മി അധ്യക്ഷയായി.