കടയ്ക്കൽ സർവീസ് സഹകരണ ബാങ്കിന് വീണ്ടും സംസ്ഥാന സർക്കാരിന്റെ പുരസ്കാരം. മികച്ചനിലയിൽ പ്രവർത്തിക്കുന്ന പ്രാഥമിക സഹകരണ സംഘങ്ങൾക്കുള്ള പുരസ്കാരത്തിന് സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനത്തിനാണ് കടയ്‌ക്കൽ സർവീസ് സഹകരണ ബാങ്ക് അർഹമായത്. ഇതിനോടകം സംസ്ഥാന സർക്കാരിന്റെ നിരവധി പുരസ്കാരങ്ങൾക്ക് കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് അർഹമായിട്ടുണ്ട്. കാർഷിക മേഖലയിൽ നടത്തിവരുന്ന സമഗ്രമായ ഇടപെടലുകളുടെ ഭാഗമായി തരിശുരഹിത പാടശേഖരം എന്ന ആശയവുമായി ബന്ധപ്പെടുത്തി നടപ്പിലാക്കുന്ന കനകക്കതിർ, പഴവർഗങ്ങളുടെയും പച്ചക്കറികളുടെയും ഉൽപ്പാദനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന നാട്ടുപച്ച, ശുദ്ധജല മത്സ്യം ലഭ്യമാകുന്നതിന് വേണ്ടി നടപ്പിലാക്കുന്ന നീല ജലാശയം തുടങ്ങിയവ കാർഷിക മേഖലയിൽ ബാങ്ക് നടത്തിവരുന്ന ഇടപെടലുകളാണ്‌. ഗുരുതര രോഗബാധിതർക്കുള്ള കനിവ് ചികിത്സാ സഹായ പദ്ധതി, കടക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ മികച്ച നിലയിൽ പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ ദത്തെടുക്കൽ, കടക്കൽ സ്വാതന്ത്ര്യ സമരസേനാനികളുടെ കുടുംബാംഗങ്ങൾക്കുള്ള പെൻഷൻ വിതരണം തുടങ്ങിയവയും ബാങ്ക്‌ നടപ്പാക്കി വരുന്നു. 

ബാങ്ക് 60 കോടി  രൂപ ചെലവഴിച്ച് പ്രവർത്തനം ആരംഭിച്ച കിംസാറ്റ് മലയോര മേഖലയിലെ ആതുരസേവന രംഗത്തെ സജീവ സാന്നിധ്യമായി ഇതിനോടകം മാറിക്കഴിഞ്ഞു.


error: Content is protected !!