തിരുവനന്തപുരം തൈക്കാട് ഗവൺമെന്റ് എൽ പി എസ് മൂന്നാം ക്ലാസ് വിദ്യാർഥിനിയും മണിപ്പൂർ സ്വദേശിനിയുമായ ജേ ജെമ്മിനെ പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി സന്ദർശിച്ചു. മണിപ്പൂരിലെ പ്രശ്‌ന ബാധിത പ്രദേശത്ത് നിന്നും ബന്ധുക്കളുടെ സഹായത്തോടെയാണ് വിദ്യാർഥിനി കേരളത്തിലെത്തിയത്. ടി സി ഉൾപ്പെടെ ഔദ്യോഗിക രേഖകളുടെ അഭാവത്തിലും വിദ്യാർഥിനിയെ പ്രവേശിപ്പിക്കാനുള്ള അനുമതി നൽകി. യൂണിഫോം അടക്കമുള്ള സൗകര്യങ്ങൾ നിലവിൽ ലഭ്യമാക്കിയിട്ടുണ്ട്.

മനഃസമാധാനത്തോടെ ജീവിച്ച് വളരാൻ കഴിയുന്ന സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി ശിവൻ കുട്ടി പറഞ്ഞു. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വാർത്തകളാണ് മണിപ്പൂരിൽ നിന്നുണ്ടാകുന്നത്. വിദ്യാർഥിനിയുടെ അമ്മയും അച്ഛനുമടക്കം സ്വന്തം ഗ്രാമത്തിൽ നിന്ന് പാലായനം ചെയ്യേണ്ടി വന്നു. നിലവിൽ അവർ അഭയാർഥി ക്യാമ്പുകളിലാണ് താമസിക്കുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിന്റെ മകളായി ജേ ജെം വളരുമെന്ന് മന്ത്രി പറഞ്ഞു.

കുട്ടിക്ക് എല്ലാ പിന്തുണയും സർക്കാർ നൽകും. സംഘർഷത്തിൽ കുറ്റക്കാരായവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഹോയിനെജം വായ്‌പേയ് എന്നതാണ് മണിപ്പൂരിലെ നഖുജാം സ്വദേശിനിയായ ജേ ജെമ്മിന്റെ ഔദ്യോഗിക നാമം.

error: Content is protected !!