തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നൽകുന്ന അപേക്ഷയ്ക്ക് സമയബന്ധിതമായി, നിയമാനുസൃതതീർപ്പു ലഭിച്ചില്ലെങ്കിൽ അപേക്ഷകന് സ്ഥിരം അദാലത്തിലേക്ക് ഓൺലൈനായി പരാതി നൽകാൻ സംവിധാനം. കെട്ടിട നിർമാണ പെർമിറ്റ്, പൂർത്തീകരണം, ക്രമവൽക്കരണം, കെട്ടിടത്തിന്റെ നമ്പരിടൽ, വിവിധ ലൈസൻസുകൾ, ജനന-മരണ-വിവാഹ രജിസ്ട്രേഷനുകൾ തുടങ്ങിയ വിഷയങ്ങളിലാണ് https://adalat.lsgkerala.gov.in എന്ന പൊതുജനസഹായ പോർട്ടൽ വഴി ഓൺലൈനായി പരാതി നൽകാവുന്നത്. https://adalat.lsgkerala.gov.in എന്ന ലിങ്കിൽ മൊബൈൽ നമ്പർ നൽകുമ്പോൾ ലഭിക്കുന്ന ഒ.ടി.പി. സമർപ്പിച്ച് പരാതി അദാലത്തിന്റെ പരിഗണനയ്ക്ക് നൽകാം. പരാതിയുടെ പുരോഗതി മനസിലാക്കാനും പോർട്ടലിലൂടെ കഴിയും.

എല്ലാ പരാതികളും പ്രാഥമികമായി പരിഗണിച്ച് പരിഹാരനിർദ്ദേശം നൽകുക ഉപജില്ലാതലസമിതികളാണ്. ഓരോ 10 പ്രവൃത്തി ദിവസത്തെ ഇടവേളകളിൽ സമിതി ചേർന്ന് പരാതികൾ ഊഴമനുസരിച്ചു വിലയിരുത്തി അപേക്ഷകന്റെയും തദ്ദേശസ്ഥാപന സെക്രട്ടറിയുടെയും വാദങ്ങൾ കേട്ട ശേഷമാണ് പരിഹാര നടപടി നിർദ്ദേശിക്കുക. നിർദ്ദേശിക്കപ്പെട്ട പരിഹാരങ്ങളിന്മേൽ അപേക്ഷകന് ജില്ലാ അദാലത്ത് സമിതിയിലേക്കും ജില്ലാതലസമിതിയുടെ പരിഹാരത്തിന്മേൽ സംസ്ഥാനതല സ്ഥിരം അദാലത്ത് സമിതിക്കും അപ്പീൽ നൽകാം. കോട്ടയം ജില്ലാതല കൺവീനറുടെ മൊബൈൽ നമ്പർ: 9496044601.