
സംസ്ഥാനത്തെ ടൈപ്പ് വൺ ഡയബറ്റിസ് അടക്കം അസുഖമുള്ള എല്ലാ കുട്ടികൾക്കും വീടിനടുത്തുളള സ്‌കൂളിൽ ഏകജാലക സംവിധാനത്തിലൂടെ പ്ലസ്ടു വരെ വിദ്യാഭ്യാസം ഉറപ്പാക്കാൻ ബാലാവകാശ കമ്മീഷൻ നിർദ്ദേശിച്ചു. അസുഖമുള്ള കുട്ടികളെ പരിചരിക്കുന്നതിന് എല്ലാ സ്‌കൂളുകളിലും ചുരുങ്ങിയത് രണ്ട് അധ്യാപകർക്ക് വിദഗ്ധ പരിശീലനം നൽകണം. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാരിലൂടെ അധ്യാപകർക്ക് പരിശീലനം നൽകാം.
എല്ലാ സ്‌കൂളുകളിലും അസുഖമുള്ള കുട്ടികൾക്ക് അത്യാവശ്യ ഘട്ടങ്ങളിൽ വിശ്രമിക്കുന്നതിനും കുത്തിവയ്പുകൾ എടുക്കുന്നതിനും സിക്മുറികൾ ഒരുക്കാനും കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച് ഹെൽത്ത് ഫയൽ സൂക്ഷിക്കുന്നതിനും ഉന്നതവിദ്യാഭ്യാസം, പൊതുവിദ്യാഭ്യാസം, സാമൂഹ്യനീതി, ആരോഗ്യ-കുടുംബക്ഷേമം വകുപ്പ് സെക്രട്ടറിമാർക്കും പൊതുവിദ്യാഭ്യാസം, വനിതാ ശിശുവികസനം വകുപ്പ് ഡയറക്ടർമാർക്കും കമ്മീഷൻ നിർദ്ദേശം നൽകി.
കമ്മീഷൻ ചെയർപേഴ്‌സൺ കെ. വി. മനോജ്കുമാർ, അംഗങ്ങളായ ശ്യാമളാദേവി പി.പി, ബബിത ബി. എന്നിവരുടെ ഫുൾ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിന്മേൽ സ്വീകരിച്ച നടപടി റിപ്പോർട്ട് 45 ദിവസത്തിനകം സമർപ്പിക്കാനും കമ്മീഷൻ നിർദ്ദേശിച്ചു.






