നിർദിഷ്ട അങ്കമാലി–- കിളിമാനൂർ പുളിമാത്ത് ഗ്രീൻഫീൽഡ് ദേശീയപാത 183ന്റെ നിർമാണത്തിന് കൊല്ലം ജില്ലയിൽ ഏറ്റെടുക്കുന്നത് 220.05 ഹെക്ടർ ഭൂമി. കൊട്ടാരക്കര, പുനലൂർ, പത്തനാപുരം താലൂക്കുകളിലെ 16 വില്ലേജിൽനിന്നായി സ്വകാര്യവ്യക്തികളിൽനിന്ന് 192.96 ഹെക്ടറും സർക്കാർ ഭൂമി 27.10 ഹെക്ടറുമാണ് ഏറ്റെടുക്കുന്നത്. ഇതിനായി സ്‌പെഷ്യൽ തഹസിൽദാർമാരുടെ യൂണിറ്റ് ഉടൻ പ്രവർത്തനം ആരംഭിക്കും. ആകർഷകമായ നഷ്ടപരിഹാരം ഉറപ്പാക്കിയാകും ഭൂമി ഏറ്റെടുക്കുക. നിലവിലുള്ള അങ്കമാലി–-തിരുവനന്തപുരം എംസി റോഡിന് സമാന്തരമായിട്ടാകും നിർദിഷ്ട അങ്കമാലി–- കിളിമാനൂർ ഗ്രീൻഫീൽഡ് ദേശീയപാത 257 കിലോമീറ്റർ നീളത്തിൽ യാഥാർഥ്യമാവുക. 45 മീറ്ററിൽ നാലുവരിപ്പാതയാണ് നിർമിക്കുക. ഇത് ദീർഘദൂര വാഹനയാത്ര കൂടുതൽ സുഗമവും എളുപ്പവുമാക്കും. മധ്യകേരളത്തിലെ ജില്ലകളെ തലസ്ഥാന ജില്ലയുമായി ബന്ധിപ്പിക്കുന്ന പാത അങ്കമാലിയിൽനിന്ന് ആരംഭിച്ച് കോതമംഗലം, തൊടുപുഴ, പാലാ, കാഞ്ഞിരപ്പള്ളി, പത്തനംതിട്ട, പുനലൂർ, പത്തനാപുരം പട്ടണങ്ങളുടെ സമീപത്തുകൂടിയാണ് കടന്നുപോകുന്നത്. നിലവിലെ എംസി റോഡിനു കിഴക്കുഭാഗത്തായി പുതിയ ഗ്രീൻഫീൽഡ് പാത വരുമെന്നതും ഗതാഗത സൗകര്യവും ഇതുവഴി വികസനവും വിപുലീകരിക്കും. പുതിയ പാതയ്‌ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. അലൈൻമെന്റിന് നേരത്തെ കേന്ദ്രം അംഗീകാരം നൽകിയിരുന്നു. തുടർന്ന് കോട്ടയം കേന്ദ്രമാക്കി നാഷണൽ ഹൈവേ ഓഫ് ഇന്ത്യ പ്രോജക്ട് ഓഫീസും ആരംഭിച്ചു. അതിനിടെ പാതയ്‌ക്കായി എറണാകുളം ജില്ലയിൽ കുന്നത്തുനാട്, മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിൽ ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങി.
വില്ലേജുകളിൽനിന്ന് ഏറ്റെടുക്കുന്ന ഭൂമിയുടെ കണക്ക് സ്വകാര്യവ്യക്തി, സർക്കാർ എന്നിങ്ങനെ ക്രമത്തിൽ ചുവടെ:
കൊട്ടാരക്കര താലൂക്ക്: മാങ്കോട് (ചടയമംഗലം മണ്ഡലം) വില്ലേജിൽ 21.77, 1.23 ഹെക്ടർ, കുമ്മിൾ 13.98, 1.87, കടയ്‌ക്കൽ 8.62, 0.51, ഇട്ടിവ 15.00, 2.04, കോട്ടുക്കൽ 8.43,0.38, ചക്കുവരയ്‌ക്കൽ 12.48, 1.67, മേലില 11.487, 0.60 ഹെക്ടർ.
പുനലൂർ താലൂക്ക്: അലയമൺ വില്ലേജിൽ 10.05, 1.10 ഹെക്ടർ, ചണ്ണപേട്ട 1.47, 0.00, ഏരൂർ 18.13, 0.09, അഞ്ചൽ 18.64, 1.22, കരവാളൂർ 6.80, 11.04 ഹെക്ടർ.
പത്തനാപുരം താലൂക്ക്: വിളക്കുടി വില്ലേജിൽ 11.59, 0.19, പിടവൂർ 14.89, 2.83, പത്തനാപുരം 16.74, 2.83, തലവൂർ വില്ലേജിൽ 2.81, 0.00 ഹെക്ടർ.