
റോഡ് സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ആബുലൻസുകൾക്ക് ജി പി എസ് ഉൾപ്പെടെയുള്ള നിബന്ധനകൾ ഒക്ടോബർ 1 മുതൽ കർശനമാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ഇൻസൈറ്റ് പദ്ധതിയുടെ ഭാഗമായി ആംബുലൻസ് ഡ്രൈവർമാർക്കായി സംഘടിപ്പിച്ച റോഡ് സുരക്ഷാ പരിശീലന പരിപാടിയുടെ സമാപന സമ്മേളനം തിരുവനന്തപുരം ശ്രീചിത്തിരതിരുനാൾ എൻജിനീയറിംഗ് കോളേജിൽ മന്ത്രി ഉദ്ഘാടനം ചെയ്തു.
ആംബുലൻസ് ഡ്രൈവർമാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്,യൂണിഫോം എന്നീ ആവശ്യങ്ങൾ നടപ്പിലാക്കും. ആംബുലൻസുകൾക്ക് കളർകോഡ് പാലിക്കുന്നതോടൊപ്പം, അനാവശ്യ ലൈറ്റുകളും ഹോണുകളുമുൾപ്പെടെ എക്‌സ്ട്രാ ഫിറ്റിംഗ് പൂർണമായി ഒഴിവാക്കണം. മൂന്ന് വർഷത്തിലൊരിക്കൽ ഡ്രൈവർമാർക്ക് പരിശീലനം ഉറപ്പാക്കുമെന്നും ആംബുലസിന്റെ ദുരുപയോഗം ഒരിക്കലും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
ബോധവൽക്കരണം, നിയമ അവബോധം എന്നിവയിലൂടെ പുതു യാത്രാസംസ്‌കാരം രൂപീകരിക്കുന്നതിനുള്ള പരിപാടികളാണ് ഗവൺമെന്റ് സംഘടിപ്പിക്കുന്നത്. സ്‌കൂൾ കോളേജ് ബസ് ഡ്രൈവർമാർ, കെ എസ് ആർ ടി സി ഡ്രൈവർമാർ എന്നിവർക്ക് നിലവിൽ പരിശീലനം നൽകി വരുന്നു. ഒരിക്കൽ ലൈസൻസ് കിട്ടിയാൽ പരിശീലനമാവശ്യമില്ല എന്ന തോന്നൽ തെറ്റാണ്.
റോഡ് നിയമങ്ങൾ, വാഹന നിലവാരം, സാങ്കേതികവിദ്യ എന്നിവ മാറുമ്പോൾ പരിശീലനം അത്യാവശ്യമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് സഹായത്തോടെ ഡ്രൈവറില്ലാത്ത വാഹനങ്ങൾ പുറത്തിറങ്ങുന്ന കാലമാണ്. ലോകത്തിലുണ്ടാകുന്ന മാറ്റങ്ങളെ ഉൾക്കൊളളാൻ ഡ്രൈവർ സമൂഹവും തയാറാകണം.
മോട്ടോർ വാഹന വകുപ്പ് വിവിധ ഏജൻസികളെ കോർത്തിണക്കി കേന്ദ്ര നിയമങ്ങൾ അടിസ്ഥാനമാക്കി വിവിധ പരിശീലനങ്ങൾ സംഘടിപ്പിക്കുകയാണ്. സംസ്ഥാനത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ പ്രവർത്തിക്കാനാരംഭിച്ചതോടെ പ്രതിദിനമുള്ള 4.5 ലക്ഷം നിയമലംഘനങ്ങൾ 2.5 ലക്ഷമായി കുറഞ്ഞു.
പിഴ ഈടാക്കാൻ ആരംഭിച്ചതോടെ 70,000 ലേക്ക് കുറഞ്ഞു. 4,000 പേർ പ്രതിവർഷം വാഹന അപകടത്തിൽ മരിക്കുന്ന സംസ്ഥാനമാണ് കേരളം. 58% ഇരുചക്ര വാഹനങ്ങൾ, 24% കാൽനട യാത്രക്കാരൻ എന്ന കണക്കിൽ പ്രതിദിനം 12 പേർ റോഡപകടങ്ങളിൽ മരിക്കുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാൽ ഇന്ന് പ്രതിദിന ശരാശരി മരണം പരമാവധി മൂന്നായി കുറഞ്ഞു. റോഡപകടങ്ങൾ പൂർണമായി ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
കേരള റോഡ് സുരക്ഷാ അതോറിറ്റി ആംബുലൻസ് ഡ്രൈവർമാർക്കായി ഇംഗ്ലീഷിൽ പ്രസിദ്ധികരിച്ച പോസ്റ്റ് ക്രാഷ് മാനേജ്‌മെന്റ് എന്ന കൈപുസ്തകത്തിന്റെ മലയാള പരിഭാഷ ചടങ്ങിൽ മന്ത്രി പ്രകാശനം ചെയ്തു.
കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ, മോട്ടോർ വാഹന വകുപ്പ്, നാറ്റ്പാക് എന്നിവയുടെ സഹകരണത്തോടെ ശ്രീ ചിത്തിര തിരുനാൾ എഞ്ചിനീയറിംഗ് കോളേജ് നടപ്പിലാക്കിയ റോഡ് സുരക്ഷാ ബോധവത്കരണ പരിപാടിയാണ് INSIGHT(ഇൻസൈറ്റ്). സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. പരിപാടിയുടെ ഭാഗമായി വിവിധ ജില്ലകളിലെ ഇരുന്നൂറിലധികം ആംബുലൻസ് ഡ്രൈവർമാരും, സ്‌കൂൾ/കോളേജ് ബസ് ഡ്രൈവർമാരും ഇതിനോടകം പരിശീലനം വിജയകരമായി പൂർത്തിയാക്കി.
എസ്.സി.ടി കോളേജ് പ്രിൻസിപ്പൽ ഡോ ഷീജ എം കെ അദ്ധ്യക്ഷത വഹിച്ചു. ഡോ. അരുൺ എം, അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ പി എസ്, നാറ്റ്പാക് ഡയറക്ടർ സാംസൺ മാത്യു, കേരള റോഡ് സേഫ്റ്റി അതോറിറ്റി മുൻ എക്‌സിക്യുട്ടീവ് ഡയറക്ടർ ടി ഇളങ്കോവൻ, ഡോ. വി കെ ചിത്രകുമാർ, ഡോ. ശ്രീജിത്ത് ബി ജെ തുടങ്ങിയവർ പങ്കെടുത്തു.






