ഐഎസ്ആർഒ യുടെ ആഭിമുഖ്യത്തിൽ നിർമിക്കുന്ന എപിജെ അബ്ദുൾ കലാം നോളജ് സെന്ററും സ്‌പേസ് പാർക്കും വൈജ്ഞാനിക സമൂഹമായി മാറുന്ന കേരളത്തിന് മുതൽക്കൂട്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം കവടിയാറിൽ പദ്ധതികളുടെ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എപിജെ അബ്ദുൾ കലാമിന്റെ ഊർജ്വസ്വലമായ ജീവിത കാലഘട്ടം ചെലവഴിച്ച നഗരമാണ് തിരുവനന്തപുരം. അദ്ദേഹത്തിനുള്ള ഉചിതമായ ആദരവായാണ് ഈ പദ്ധതിയെ സംസ്ഥാന സർക്കാർ കാണുന്നത്. നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തികരിക്കാൻ ഐഎസ്ആർഒയ്ക്ക് സാധിക്കട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു. ചടങ്ങിൽ ഐഎസ്ആർഒയുടെ സ്‌നേഹോപഹാരം ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് മുഖ്യമന്ത്രിക്ക് സമ്മാനിച്ചു.
ഐ.എസ്.ആർ.ഒ. ചെയർമാൻ എസ്. സോമനാഥിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ, വി.കെ. പ്രശാന്ത് എം.എൽ.എ, ഡോ. മേയർ ആര്യാ രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു. വി.എസ്.എസ്.സി ഡയറക്ടർ ഉണ്ണികൃഷ്ണൻ നായർ സ്വാഗതവും ഡെപ്യൂട്ടി ഡയറക്ടർ ഹരീഷ് സി.എസ് നന്ദിയും അറിയിച്ചു. വി.എസ്.എസ്.സി. യുടെ ഓഫീസ് കാമ്പസിന് പുറത്ത് തിരുവനന്തപുരം നഗരത്തിൽ ഒരു നോളജ് സെന്ററും ബഹിരാകാശ മ്യൂസിയവും ഉണ്ടാകണമെന്ന് ഐഎസ്ആർഒ താൽപര്യം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ സ്ഥലം അനുവദിച്ചത്. കവടിയാറിൽ അനുവദിച്ച 1.3 ഏക്കർ സ്ഥലത്താണ് പദ്ധതി യാഥാർത്ഥ്യമാകുന്നത്. നിലവിൽ പദ്ധതിക്ക് DOS അംഗീകാരം ലഭിച്ചിട്ടുണ്ട്.