മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടി (79) അന്തരിച്ചു. പുലർച്ചെ നാലരയോടെയാണ് മരണം സ്ഥിരീകരിച്ചത്. മകൻ ചാണ്ടി ഉമ്മനാണ് മരണ വിവരം അറിയിച്ചത്. കാൻസർ ബാധിതനായിരുന്ന അദ്ദേഹം ബെംഗളൂരുവിലെ ചിന്മയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ മായാത്ത മുദ്രപതിപ്പിച്ച രാഷ്ട്രീയനേതാവും സാമാജികനുമായിരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം നിയമസഭാ സാമാജികനായിരുന്നതും ഉമ്മന്‍ ചാണ്ടിയാണ് നിയമസഭാംഗമായി 53 വര്‍ഷം പിന്നിട്ടു. 2004-2006, 2011-2016 കാലങ്ങളിലായി രണ്ട് തവണയായി ഏഴ് വര്‍ഷക്കാലം മുഖ്യമന്ത്രിയുമായിരുന്നു.

1943 ഒക്ടോബര്‍ 31-ന് കോട്ടയം ജില്ലയിലെ കുമരകത്ത് പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ കെ.ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി ആയിരുന്നു ജനനം. പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം സി.എം.എസ്. കോളേജ്, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് എന്നിവിടങ്ങളില്‍നിന്ന് ബിരുദവും എറണാകുളം ലോ കോളേജില്‍നിന്ന് നിയമ ബിരുദവും നേടി. സ്‌കൂളില്‍ പഠിക്കുമ്പോഴെ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയത്തില്‍ എത്തിയത്. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് ആയായിരുന്നു തുടക്കം. പിന്നീട് കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് സംഘടനകളുടെ സംസ്ഥാന പ്രസിഡന്റും തുടര്‍ന്ന് എ.ഐ.സി.സി അംഗവുമായി.

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന ഉമ്മന്‍ ചാണ്ടി 1970 സെപ്റ്റംബര്‍ 17-നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ മത്സരിച്ചുകൊണ്ടായിരുന്നു പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ തുടക്കംകുറിച്ചത്. സിപിഎമ്മിലെ സിറ്റിങ് എംഎല്‍എ ആയിരുന്ന ഇ എം ജോര്‍ജിനെ 7,288 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി കന്നിയങ്കത്തില്‍ വെന്നിക്കൊടിപാറിച്ചു. പിന്നീട് വിജയങ്ങളുടെ പരമ്പരയായിരുന്നു-1977, 1980,1982, 1987, 1991, 1996, 2001, 2006, 2011, 2016, 2021. എല്ലാത്തവണയും ഒരേ മണ്ഡലം- പുതുപ്പള്ളി

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവുമായിരിക്കും ഉണ്ടാവുക. എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.അതേസമയം,  ചൊവ്വാഴ്ച നടത്താൻ നിശ്ചയിച്ച പി.എസ്.സി പരീക്ഷകൾക്ക് മാറ്റമില്ല. ഇന്ന് നടക്കേണ്ടിയിരുന്ന സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചിട്ടുണ്ട്.  സാങ്കേതിക സർവകലാശാല ഇന്ന് നടത്തുന്ന പരീക്ഷകൾ മാറ്റിവെച്ചു.

error: Content is protected !!