
വിരമിച്ച ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ്ക്കും സംസ്ഥാന പോലീസ് മേധാവി അനിൽകാന്തിനും സംസ്ഥാന സർക്കാർ ഒരേ വേദിയിൽ യാത്രയയപ്പ് ചടങ്ങ് ഒരുക്കി. സെക്രട്ടേറിയറ്റിലെ നവീകരിച്ച ദർബാർ ഹാളായിരുന്നു വേദി. ചീഫ് സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയും ഒരേ ദിവസം വിരമിക്കുന്നു എന്ന അപൂർവ സന്ദർഭമാണിതെന്ന് ആശംസ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
വിരമിക്കുന്ന ചീഫ് സെക്രട്ടറിക്ക് കവിതാ രംഗത്ത് കൂടുതൽ ശ്രദ്ധയോടെ നീങ്ങാൻ കഴിയും. കവി മധുസൂദനൻ നായർക്കൊക്കെ അദ്ദേഹം ഒരു വെല്ലുവിളിയായി ഉയർന്നു വരുമെന്ന് പ്രതീക്ഷിക്കാമെന്ന് കവിയുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പറഞ്ഞത് സദസിൽ ചിരി പടർത്തി.
ആർക്കും അപ്രിയം ഉണ്ടാക്കാതെ കാര്യ നിർവഹണത്തിൽ ചടുല നീക്കം നടത്താൻ ഡോ. വി. പി. ജോയ്ക്ക് കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനം ഡിജിറ്റൽ രംഗത്ത് വലിയ മുന്നേറ്റം നേടിയിരിക്കുന്നു. ഇതിന് ചീഫ് സെക്രട്ടറി കാട്ടിയ പ്രത്യേക താത്പര്യവും വ്യക്തിപരമായ ഇടപെടലും ഏറെ സഹായിച്ചു. നല്ല രീതിയിൽ ഭരണനിർവഹണം നടത്തി. കാര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനുള്ള നടപടികളാണ് അദ്ദേഹം സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന പോലീസ് മേധാവിക്ക് മികച്ച ഒരു യാത്രയയപ്പ് ലഭിച്ചു കഴിഞ്ഞു. കൂട്ടയോട്ടം നടത്തിയാണ് പോലീസ് യാത്രയയപ്പ് നൽകിയത്. നല്ല വേഗതയിൽ കാര്യം നിർവഹിക്കുന്നതിൽ തത്പരനായ ഉദ്യോഗസ്ഥനാണ് അദ്ദേഹം. നാട്ടിൽ വിവാദങ്ങൾക്ക് ഒരു ക്ഷാമവുമില്ല. എന്നാൽ അതിലൊന്നും പെടാതെ റിട്ടയർ ചെയ്യാൻ അദ്ദേഹത്തിന് കഴിയുന്നു എന്നത് മികവിന്റെ തെളിവാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പോലീസ് സേന മികവാർന്ന മാറ്റത്തിലേക്ക് പോയി. രാജ്യം ശ്രദ്ധിക്കുന്ന പോലീസ് സേനയായി കേരള പോലീസിനെ മാറ്റുന്നതിൽ നല്ല പങ്ക് വഹിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഇരുവർക്കും മുഖ്യമന്ത്രി ഉപഹാരങ്ങൾ സമ്മാനിച്ചു.
പൊതുതാത്പര്യം മുൻനിർത്തി പ്രവർത്തിക്കാൻ കഴിഞ്ഞതായി മറുപടി പ്രസംഗത്തിൽ ഡോ. വി. പി. ജോയ് പറഞ്ഞു. ഉദ്യോഗസ്ഥർക്ക് രണ്ടു തരം ശമ്പളം ഉണ്ടെന്നാണ് തന്റെ അഭിപ്രായം. ഒന്ന് മാസം ലഭിക്കുന്ന ശമ്പളം. മറ്റൊന്ന് നല്ല കാര്യങ്ങൾ ചെയ്യുന്നത് വഴി സമൂഹത്തിൽ സൃഷ്ടിക്കാൻ കഴിയുന്ന മാറ്റം. എല്ലാവരും രണ്ടു ശമ്പളവും വാങ്ങാൻ ശ്രമിച്ചാൽ സിവിൽ സർവീസ് ഉന്നതിയിലെത്തുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സർക്കാരും മുഖ്യമന്ത്രിയും വലിയ ഒരു ഉത്തരവാദിത്തമാണ് തന്നെ ഏൽപ്പിച്ചതെന്നും അത് കഴിവിന്റെ പരമാവധി മികച്ചതാക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും അനിൽകാന്ത് പറഞ്ഞു.
ഭാഷാ പ്രതിജ്ഞ ആലേഖനം ചെയ്ത ശിലാഫലകത്തിന്റെയും ഓൺലൈൻ മലയാളം നിഘണ്ടുവിന്റേയും പ്രകാശനം ചടങ്ങിൽ മുഖ്യമന്ത്രി നിർവഹിച്ചു. മന്ത്രിമാരായ കെ. എൻ. ബാലഗോപാൽ, സജി ചെറിയാൻ, പി. പ്രസാദ്, കവി മധുസൂദനൻ നായർ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സത്യൻ എൻ, മറ്റു സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ, ഡോ. വി. പി. ജോയ് യുടെ പത്നി ഷീജ എന്നിവർ സന്നിഹിതരായിരുന്നു. പുതിയ ചീഫ് സെക്രട്ടറി ഡോ. വി. വേണു സ്വാഗതവും അഡീഷണൽ ചീഫ് സെക്രട്ടറി കെ. ആർ. ജ്യോതിലാൽ നന്ദിയും പറഞ്ഞു.






