![](https://dailyvoicekadakkal.com/wp-content/uploads/2023/07/WhatsApp-Image-2023-01-11-at-4.37.27-PM-1024x364.jpeg)
സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണർ നടത്തുന്ന എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ അടുത്ത വർഷം മുതൽ ഓൺലൈൻ ആയി നടത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു. ഓൺലൈനായി എൻജിനീയറിങ് പ്രവേശന പരീക്ഷ നടത്തുന്നതിനുള്ള പ്രാരംഭ പ്രവർത്തികൾ ഈ വർഷം തന്നെ തുടങ്ങിയതായും മന്ത്രി അറിയിച്ചു. സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസ് തിരുവനന്തപുരം തമ്പാനൂരിലെ കെഎസ്ആർടിസി ബസ് ടെർമിനൽ കെട്ടിടത്തിലേക്ക് മാറ്റിയതിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കൂടുതൽ സൗകര്യത്തോടെയും സജ്ജീകരണങ്ങളോടെയും എല്ലാവർക്കും എളുപ്പം എത്തിച്ചേരാവുന്ന ഇടത്തിലേക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസ് മാറിയതോടെ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ഏഴ് പ്രവേശന പരീക്ഷകളും 14 കോഴ്സുകളിലേക്കുള്ള അലോട്ട്മെന്റ് നടപടികളും കൈകാര്യം ചെയ്യുന്ന പ്രധാന ഓഫീസാണ് സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസ്. 1983 മുതൽ പ്രവർത്തിച്ചു വരുന്ന ഓഫീസ് സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുകയായിരുന്നു. ഇതിനാലാണ് സംസ്ഥാനത്തെ പ്രൊഫഷണൽ കോഴ്സ് പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും എളുപ്പം എത്തിച്ചേരാവുന്ന വിധം തമ്പാനൂരിൽ, തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന് തൊട്ടടുത്ത്, കെ.എസ്.ആർ.ടി.സി ടെർമിനൽ കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റിയതെന്ന് മന്ത്രി പറഞ്ഞു.
കെട്ടിടത്തിന്റെ ഏഴാം നിലയിലാണ് 9,000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തൃതിയിൽ പുതിയ ഓഫീസ്. നാല് കോടിയിൽപ്പരം രൂപ ചെലവിട്ട പുതിയ ഓഫീസ് തയാറാക്കിയത് യുഎൽസിസിഎസ് ആണ്. പരീക്ഷാ നടത്തിപ്പ് കുറ്റമറ്റരീതിയിൽ കൊണ്ടുപോകാനാണ് സർക്കാർ പരമാവധി ശ്രദ്ധിക്കുന്നതെന്നും വിദ്യാർഥി സൗഹൃദമാണ് എല്ലായ്പ്പോഴും പരീക്ഷാ കമ്മീഷണറുടെ ഓഫീസിന്റെ മുഖമുദ്രയെന്നും ബിന്ദു വ്യക്തമാക്കി.
വിദ്യാർഥികളുടെ സംശയങ്ങളും ആശങ്കകളും ദൂരീകരിക്കുന്നതിനുള്ള കോൾ സെന്റർ ഇന്റഗ്രേറ്റഡ് ഗ്രീവൻസ് റിഡ്രസൽ ആൻഡ് ഹെൽപ്പ് ലൈൻ ഇൻഫർമേഷൻ സിസ്റ്റം ഉന്നതവിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഐടി മിഷൻ സഹായത്തോടെയാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. പരിപാടിയിൽ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ ഏതു ഭാഗത്തു നിന്നുള്ള വിദ്യാർഥിക്കും മാതാപിതാക്കൾക്കും ട്രെയിൻ വഴിയും ബസ് വഴിയും എളുപ്പത്തിൽ എത്തിപ്പെടാൻ കഴിയുന്ന സ്ഥലത്താണ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ പുതിയ ഓഫീസെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
![](https://dailyvoicekadakkal.com/wp-content/uploads/2023/07/WhatsApp-Image-2023-06-06-at-8.12.59-PM-1-1024x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/07/WhatsApp-Image-2023-06-28-at-8.17.48-PM-1-1004x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/07/WhatsApp-Image-2023-02-03-at-2.22.51-PM-3-2-1024x245.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/07/WhatsApp-Image-2023-06-03-at-8.28.42-AM-1-819x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/07/WhatsApp-Image-2023-05-02-at-10.25.25-AM-1-954x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/07/WhatsApp-Image-2023-05-24-at-10.26.40-AM-1-1024x1018.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/07/WhatsApp-Image-2023-07-06-at-10.55.01-PM-1-922x1024.jpeg)