
അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് രോഗത്തിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പതിനായിരക്കണക്കിന് പേരിൽ ഒരാൾക്കാണ് രോഗം ബാധിക്കുക. രോഗം ബാധിച്ച പ്രദേശത്ത് ആരോഗ്യ വകുപ്പ് മതിയായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഇതിന് മുമ്പ് സംസ്ഥാനത്ത് അഞ്ച് പേർക്കാണ് ഈ രോഗം ബാധിച്ചത്. 2016ൽ ആലപ്പുഴ ജില്ലയിൽ തിരുമല വാർഡിൽ ഒരു കുട്ടിക്ക് രോഗം ബാധിച്ചിരുന്നു. 2019ലും 2020ലും മലപ്പുറത്തും 2020ൽ കോഴിക്കോടും 2022ൽ തൃശൂരിലും രോഗബാധയുണ്ടായി. ബാധിച്ചിരുന്നു. 100 ശതമാനത്തിനടുത്താണ് രോഗത്തിന്റെ മരണനിരക്ക്. കേരളത്തിൽ ഇവ കണ്ടു പിടിക്കുന്നു എന്നതാണ് പ്രത്യേകതയെന്നും മന്ത്രി പറഞ്ഞു.
പരാശ്രയമില്ലാതെ ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ ഒഴുക്കില്ലാത്ത ജലാശയങ്ങളിലാണ് പൊതുവേ കാണുന്നത്. നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുകയും ഇത് എൻസെഫലൈറ്റിസ് ഉണ്ടാക്കാനിടയാക്കുകയും ചെയ്യുന്നു.
പനി, തലവേദന, ഛർദി, അപസ്മാരം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. മലിനമായ വെള്ളത്തിൽ മുങ്ങി കുളിക്കുന്നതും, മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും രോഗം വരാൻ കാരണമാകുന്നുണ്ട്. മഴ തുടങ്ങുമ്പോൾ ഉറവ എടുക്കുന്ന നീർചാലുകളിൽ കുളിക്കുന്നതും ഒഴിവാക്കുക. മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണം.
മരണമടഞ്ഞ 15 വയസുള്ള പാണാവള്ളി സ്വദേശിയ്ക്കാണ് പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് ഇപ്പോൾ സ്ഥിരീകരിച്ചത്. കുട്ടിക്ക് ജൂൺ 29നാണ് പനി ആരംഭിച്ചത്. ജൂലൈ ഒന്നിന് തലവേദന, ഛർദി, കാഴ്ചമങ്ങൽ തുടങ്ങിയ രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് തുറവൂർ താലൂക് ആശുപത്രിയിൽ ചികിത്സ തേടി. പരസ്പര ബന്ധമില്ലാത്ത പെരുമാറ്റവും മറ്റു അസ്വസ്ഥയും പ്രകടിപ്പിച്ചതിനെ തുടർന്നു എൻഫലൈറ്റിസ് സംശയിക്കുകയും മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്യുകയും ചെയ്തു. വീടിനു സമീപമുള്ള കുളങ്ങളിൽ കുളിച്ചതായി മനസിലാക്കുന്നു. ആരോഗ്യനില മോശമായതിനാൽ മെഡിക്കൽ ഐസിയുവിൽ പ്രവേശിപ്പിക്കുകയും, വിദഗ്ദ്ധ ഡോക്ടർമാർ അടങ്ങിയ സംഘം കുട്ടിയെ പരിശോധിക്കുകയും ആവശ്യമായ ചികിത്സ നൽകുകയും ചെയ്തു. ജൂലൈ ആറിന് രാത്രിയിൽ കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമാകുകയും മരണപ്പെടുകയും ചെയ്തു.
രോഗലക്ഷണങ്ങളുടെ തീവ്രത കണക്കിലെടുത്ത ഡോക്ടർമാർ പ്രൈമറി അമീബിക് എൻസഫലൈറ്റിസ് എന്ന രോഗാവസ്ഥ ആകാം കുട്ടിക്ക് എന്ന് സംശയിക്കുകയും വേണ്ട പരിശോധനകൾ നടത്തുകയും ചെയ്തു. പ്രാഥമിക പരിശോധനയിൽ പോസിറ്റീവ് ആയതിനെ തുടർന്നു വിദഗ്ദ്ധ പരിശോധനയ്ക്കായി സാമ്പിൾ ജിപ്മെറിലേക്ക് അയച്ചിട്ടുണ്ട്.
കുട്ടിയുടെ രോഗാവസ്ഥ സംബന്ധിച്ച് അറിയിപ്പ് മെഡിക്കൽ കോളേജിൽ നിന്ന് ലഭിച്ചയുടൻ ആവശ്യമായ പ്രതിരോധ പ്രവർത്തങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്ന് ആരംഭിച്ചു. ജൂലൈ 3ന് മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിക്കുകയും, പ്രതിരോധ പ്രവർത്തങ്ങൾ നടത്തുകയും ചെയ്തു. ജില്ലാ വെക്റ്റർ കൺട്രോൾ ടീം പ്രദേശത്ത് ആവശ്യമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി. പ്രദേശവാസികൾക്കു ബോധവത്കരണ ക്ലാസ് നടത്തിയിട്ടുണ്ട്.







