
ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ജെ സി ഡാനിയേൽ അവാർഡ് സംവിധായകൻ ടി വി ചന്ദ്രന്. 5 ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്ക്കാരം. റിസർ ബാങ്കിലെ ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം സിനിമാ മേഖലയിലേക്ക് വരുന്നത്.
സംവിധായകൻ പിഎ ബക്കറിന്റെ അസിസ്റ്റന്റായാണ് അദ്ദേഹം തുടക്കമിടുന്നത് . പവിത്രൻ നിർമിച്ച് ബക്കർ സംവിധാനം ചെയ്ത കബനീ നദി ചുവന്നപ്പോൾ എന്ന ചിത്രത്തിലെ നായകൻ ചന്ദ്രനായിരുന്നു. 1981ൽ കൃഷ്ണൻ കുട്ടി എന്ന സിനിമയിലൂടെ ആണ് സ്വതന്ത്ര സംവിധായകനാവുന്നത്.ആലീസിന്റെ അന്വേഷണം, ഹേമാവിൻ കാതലർകൾ, ഓർമകൾ, മങ്കമ്മ, ഡാനി, പൊന്തൻ മാട, പാഠം ഒന്ന് ഒരു വിലാപം, കഥാവശേഷൻ, വിലാപങ്ങൾക്ക് അപ്പുറം, ഭൂമി മലയാളം, ശങ്കരനും മോഹനനും, ഭൂമിയുടെ അവകാശികൾ, മോഹവലയം തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്. 2019ൽ പെങ്ങളില എന്ന സിനിമയാണ് അവസാനമായി അദ്ദേഹം സംവിധാനം ചെയ്തത്. 6 ദേശീയ പുരസ്കാരങ്ങളും 10 സംസ്ഥാന പുരസ്ക്കാരങ്ങളും അടക്കം നിരവധി അംഗീകാരങ്ങളാണ് അദ്ദേഹത്തിന് ലഭിച്ചത്. വാൽപാറയിൽ ടീ എസ്റ്റേറ്റ് ജോലിക്കാരൻ ആയിരുന്ന എം.കെ. നാരായണൻ നമ്പ്യാരുടെയും ശ്രീദേവിയമ്മയുടെയും മകനാണ്. ഭാര്യ രേവതി തിരുനൽവേലി സ്വദേശിനിയാണ്. മകൻ യാദവൻ ചന്ദ്രൻ.






