
വാഹനങ്ങളിലെ കണ്ണഞ്ചിപ്പിക്കുന്ന ഹെഡ് ലൈറ്റുകൾക്ക് പൂട്ടിടാൻ ഒരുങ്ങി മോട്ടോർ വാഹന വകുപ്പ്. ഹെഡ് ലൈറ്റുകളുടെ തീവ്ര പ്രകാശത്തിനെതിരെയാണ് എംവിഡി നിയമനടപടിക്ക് ഒരുങ്ങുന്നത്. തീവ്ര പ്രകാശം പുറപ്പെടുവിക്കുന്ന ബൾബുകൾ, ലേസർ ലൈറ്റുകൾ, അലങ്കാര ലൈറ്റുകൾ എന്നിവയുടെ ദുരുപയോഗം തടയുന്നതിന്റെ ഭാഗമായി പരിശോധനകൾ ശക്തമാക്കുമെന്ന് എംവിഡി അറിയിച്ചു. മറ്റു യാത്രക്കാരുടെ കാഴ്ചയ്ക്ക് തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ ഹെഡ് ലൈറ്റ് ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ, വാഹനങ്ങളുടെ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ളവ റദ്ദാക്കാനാണ് തീരുമാനം.
വാഹനങ്ങളിലെ ഹെഡ് ലൈറ്റ് വെളിച്ചത്തിന്റെ തീവ്രത കണക്കാക്കാനുള്ള പ്രത്യേക സംവിധാനം എംവിഡിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയിട്ടുണ്ട്. രാത്രികാലങ്ങളിൽ നടക്കുന്ന വാഹനാപകടങ്ങളിൽ ഭൂരിഭാഗവും വാഹനങ്ങളുടെ ലൈറ്റുകൾ നിയമവിരുദ്ധമായി ഉപയോഗിക്കുന്നത് കാരണമാണെന്ന് ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് നടപടി കടുപ്പിക്കുന്നത്. എതിരെ വരുന്ന വാഹനങ്ങൾക്ക് ഹെഡ് ലൈറ്റ് ഡിം ചെയ്ത് കൊടുക്കാതിരിക്കുക, അനാവശ്യമായി വിവിധ നിറത്തിലുള്ള ബൾബുകൾ ഉപയോഗിക്കുക തുടങ്ങിയവയ്ക്കെതിരെയും നിയമനടപടി സ്വീകരിക്കുന്നതാണ്.










