
സംസ്ഥാന സർക്കാരിന്റെ അംഗീകൃത പൊതു ജനസേവന കേന്ദ്രങ്ങളായ അക്ഷയ കേന്ദ്രങ്ങളിലൂടെ ലഭ്യമാകുന്ന സേവനങ്ങൾക്കു സർക്കാർ നിശ്ചയിച്ചിട്ടുള്ള സേവന നിരക്ക് മാത്രമേ നൽകേണ്ടതുള്ളു എന്ന് സംസ്ഥാന അക്ഷയ ഡയറക്ടർ അനു കുമാരി അറിയിച്ചു. സർക്കാർ അംഗീകരിച്ച സേവനനിരക്ക് പൊതുജനങ്ങൾക്ക് കാണത്തക്കവിധം എല്ലാ അക്ഷയ കേന്ദ്രങ്ങളിലും പ്രദർശിപ്പിക്കുന്നതിനും നൽകുന്ന സേവനങ്ങളുടെ നിരക്ക് സംബന്ധിച്ച് രസീത് എല്ലാ ഉപഭോക്താക്കൾക്കും നിർബന്ധമായും നൽകുന്നതിനും അക്ഷയ കേന്ദ്രങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഏതെങ്കിലും അക്ഷയ കേന്ദ്രത്തിൽ സേവനനിരക്ക് പ്രദർശിപ്പിച്ചിട്ടില്ലെങ്കിലോ രസീത് ലഭ്യമല്ലെങ്കിലോ ആ വിവരം പൊതുജനങ്ങൾക്കു ജില്ലാ/ സംസ്ഥാന ഓഫീസുകളെയോ സംസ്ഥാന സർക്കാരിന്റെ സിറ്റിസൺ കോൾസെന്ററിലോ അറിയിക്കാം.
അക്ഷയ കേന്ദ്രങ്ങളിലെ സേവനങ്ങളെ സംബന്ധിച്ച പരാതികൾ അതത് ജില്ലകളിലെ അക്ഷയ ജില്ലാ ഓഫീസിലോ സംസ്ഥാന ഓഫീസിലോ നൽകാം. സേവനങ്ങൾക്കു അമിതനിരക്കു ഈടാക്കുക രസീത് നൽകാതിരിക്കുക, മോശം പെരുമാറ്റം ഉണ്ടാവുക എന്നീ സന്ദർഭങ്ങളിൽ വിവരം 155300 (0471), 0471 -2525444 എന്നീ നമ്പറുകളിൽ വിളിച്ചറിയിക്കുകയോ [email protected] ലേക്ക് മെയിൽ അയക്കുകയോ ചെയ്യാം. അക്ഷയ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സേവനങ്ങൾ, സേവനനിരക്ക് എന്നിവ സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം ഉണ്ടാക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണിതെന്ന് ഡയറക്ടർ അറിയിച്ചു.










