
കേരളത്തിൽ നിന്നുള്ള നാല് പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളാണ് വിജയകരമായി വിക്ഷേപിച്ചിക്കുന്ന ചന്ദ്രയാൻ 3 ദൗത്യത്തിൽ പങ്കാളികളായിരിക്കുന്നത്. കെൽട്രോൺ, കെ എം എം എൽ, എസ്.ഐ.എഫ്.എൽ, ടി.സി.സി എന്നീ സ്ഥാപനങ്ങളിൽ നിന്ന് നിർമ്മിച്ച വിവിധ ഉൽപ്പന്നങ്ങളാണ് ചന്ദ്രയാൻ 3 ദൗത്യത്തിൽ ഉപയോഗിച്ചിരിക്കുന്നത്. 41 ഇലക്ട്രോണിക്സ് മൊഡ്യൂൾ പാക്കേജുകൾ ഉൾപ്പെടെ കെൽട്രോണിൽ നിന്ന് നിർമ്മിച്ച് നൽകിയപ്പോൾ കെ എം എം എലിൽ നിന്നുള്ള ടൈറ്റാനിയം സ്പോഞ്ച് ഉപയോഗിച്ചുണ്ടാക്കിയ അലോയ്കളാണ് ബഹിരാകാശ പേടകത്തിലെ ക്രിറ്റിക്കൽ കമ്പോണൻ്റ്സ് ഉണ്ടാക്കാൻ ഉപയോഗിച്ചിരിക്കുന്നത്. മറ്റൊരു പൊതുമേഖലാ വ്യവസായ സ്ഥാപനമായ സ്റ്റീൽ ആൻ്റ് ഫോർജിങ്ങ്സ് ലിമിറ്റഡിൽ നിന്നുള്ള ടൈറ്റാനിയം, അലൂമിനിയം ഫോർജിങ്ങുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും നിർമ്മിച്ചു നൽകിയപ്പോൾ ടി.സി.സിയാണ് ആവശ്യമായ സോഡിയം ക്ലോറേറ്റ് ക്രിസ്റ്റലുകൾ വിതരണം ചെയ്തത്.
ചാന്ദ്രയാൻ 3 മിഷനിൽ നാൽപ്പത്തിയൊന്ന് വിവിധ ഇലക്ട്രോണിക്സ് മോഡ്യൂൾ പാക്കേജുകൾ കെൽട്രോൺ നൽകി. സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ LVM 3 യിലെ ഇൻറർഫേസ് പാക്കേജുകൾ, ഏവിയോണിക്സ് പാക്കേജുകൾ, ചന്ദ്രയാന് വേണ്ടിയുള്ള പവർ മോഡ്യൂളുകൾ, ടെസ്റ്റ് ആൻഡ് ഇവാലുവേഷൻ സപ്പോർട്ട് എന്നിവ നൽകിയത് കെൽട്രോൺ ആണ്.
ISRO യുടെ വിവിധ ഗുണപരിശോധന മാനദണ്ഡങ്ങൾക്ക് അനുസൃതമായുള്ള അസംബ്ലിങ് ആൻഡ് ഫാബ്രിക്കേഷൻ പ്രോസസ്സുകൾ കൃത്യമായി പരിപാലിച്ചാണ് കെൽട്രോൺ ഈ സുപ്രധാന മിഷനിൽ ഭാഗമായിട്ടുള്ളത്. തിരുവനന്തപുരം കരകുളത്തുള്ള കെൽട്രോൺ എക്യുപ്മെന്റ് കോംപ്ലക്സ്, മൺവിളയിലുള്ള കെൽട്രോൺ കമ്മ്യൂണിക്കേഷൻ കോംപ്ലക്സ്, ബാംഗ്ലൂർ മാർക്കറ്റിംഗ് ഓഫീസ് തുടങ്ങിയ യൂണിറ്റുകളാണ് ഈ പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ചത്.
സ്പേസ് ഇലക്ട്രോണിക്സ് മേഖലയിൽ ഐ എസ് ആർ ഒ യുടെ വിവിധ സെൻററുകളായ വി എസ് എസ് സി, എൽ പി എസ് സി, എം വി ഐ ടി, ഐ എസ് യു, യു ആർ എസ് സി ബാംഗ്ലൂർ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുമായി കഴിഞ്ഞ 30 വർഷമായി കെൽട്രോൺ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ഒട്ടുമിക്ക ഉപഗ്രഹ വിക്ഷേപണ സംവിധാനങ്ങളിലും മൊത്തമായുള്ള 300 ഓളംഇലക്ട്രോണിക്സ് ഉപകരണങ്ങളിൽ അമ്പതോളം എണ്ണം കെൽട്രോൺ നൽകി വരുന്നതാണ്. ഇതിലൂടെ ബഹിരാകാശ മേഖലയ്ക്ക് ആവശ്യമായിട്ടുള്ള ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെ നിർമ്മാണം തദ്ദേശീയമായി നടപ്പിലാക്കുന്നതിൽ കെൽട്രോണും ഭാഗമാവുകയാണ്.
പൊതുമേഖലാ വ്യവസായ സ്ഥാപനമായ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ് (ടി.സി.സി)യിൽ നിർമ്മിച്ച സോഡിയം ക്ലോറേറ്റ് ക്രിസ്റ്റലാണ് ചന്ദ്രയാൻ 3 വിക്ഷേപണത്തിന് ഉപയോഗിച്ചിരിക്കുന്നത്. റോക്കറ്റ് കുതിച്ചുയരുന്നതിനാവശ്യമായ ഖര ഇന്ധനം നിർമ്മിക്കുന്നതിനുള്ള അസംസ്കൃത വസ്തുവാണിത്. ഏകദേശം 350 ടണ്ണോളം സോഡിയം ക്ലോറേറ്റ് ക്രിസ്റ്റൽ ടി.സി.സി നൽകിയിട്ടുണ്ട്. സ്ഥാപനത്തിൽ ആരംഭിച്ച ഐ.എസ്.ആർ.ഒ-ടി.സി.സി സംയുക്ത സംരംഭമായ പ്ലാന്റിലാണ് ഇവ നിർമ്മിക്കുന്നത്.








