
രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3 പേടകത്തിന്റെ അവസാന ഭ്രമണപഥം ഉയർത്തൽ ഇന്ന് നടക്കും. ഇതുവരെ ഉള്ളതിൽ അഞ്ചാമത്തെയും, നിർണായകവുമായ ഭ്രമണപഥം ഉയർത്തലാണ് ഇന്ന് നടക്കുക. ഇന്ന് ഉച്ചയ്ക്ക് 2.00 മണിക്കും 3.00 മണിക്കും ഇടയിലാണ് ഭ്രമണപഥം ഉയർത്തുക. ഇതോടെ, ഭൂമിയെ ഒരുതവണകൂടി വലം വച്ചതിനു ശേഷം ചന്ദ്രോപരിതലത്തെ ലക്ഷ്യം വെച്ച് പേടകം മുന്നോട്ടു കുതിക്കും.
ഓഗസ്റ്റ് ഒന്നോടു കൂടി ചന്ദ്രയാൻ-3 പേടകം ചന്ദ്രന്റെ ആകർഷണ വലയത്തിലേക്ക് നീങ്ങുമെന്നാണ് വിലയിരുത്തൽ. തുടർച്ചയായ നാല് തവണയും ഭ്രമണപഥം ഉയർത്തൽ വിജയകരമായാണ് പൂർത്തിയാക്കിയത്. ഓഗസ്റ്റ് 23-നാണ് പേടകത്തിന്റെ സോഫ്റ്റ് ലാൻഡിംഗ്. പ്രത്യേക സർക്യൂട്ട് പിന്തുടർന്നതിനുശേഷമാണ് സോഫ്റ്റ് ലാൻഡിംഗ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ചന്ദ്രയാൻ-2ന്റെ പോരായ്മകൾ വിലയിരുത്തിയതിനുശേഷം, നിരവധി മാറ്റങ്ങളാണ് ചന്ദ്രയാൻ-3ൽ വരുത്തിയിട്ടുള്ളത്. നിലവിൽ, ചന്ദ്രയാൻ-3ന്റെ കുതിപ്പ് പ്രതീക്ഷകൾക്കൊത്ത് തന്നെയാണ് തുടരുന്നതെന്ന് ഐഎസ്ആർഒ വ്യക്തമാക്കി.








