
മൂവാറ്റുപുഴ: കൈക്കൂലി കേസിൽ മുൻ (ഗ്രേഡ്) പൊലീസ് സബ് ഇൻസ്പെക്ടർക്ക് മൂന്ന് വർഷം കഠിന തടവും 65,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കോതമംഗലം പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറായിരുന്ന മുഹമ്മദ് അഷറഫിനെയാണ് കോടതി ശിക്ഷിച്ചത്. മൂവാറ്റുപുഴ വിജിലൻസ് കോടതി ആണ് ശിക്ഷ വിധിച്ചത്.2012 ഡിസംബറിൽ ആണ് സംഭവം. 5,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് അഷറഫിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഇടുക്കി കോതമംഗലം പൊലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടർ (ഗ്രേഡ്) ആയി ജോലി ചെയ്യുമ്പോഴാണ് കൈക്കൂലി വാങ്ങിയത്. പരാതിക്കാരൻ പ്രതിയായ കേസിൽ ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ഒഴിവാക്കി സ്റ്റേഷൻ ജാമ്യം ലഭിക്കുന്നതിന്, പരാതിക്കാരനിൽ നിന്നും മുഹമ്മദ് അഷറഫ് 2012 ഡിസംബർ 17-ന് 5,000 രൂപ കൈക്കൂലി വാങ്ങവെ എറണാകുളം വിജിലൻസ് മുൻ ഡി.വൈ.എസ്.പി. ജയിംസ് ജോസഫ് കൈയോടെ അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റർ ചെയ്തു. എറണാകുളം വിജിലൻസ് മുൻ ഡി.വൈ.എസ്.പി എ.ഡി ബാലസുബ്രഹ്മണ്യനാണ് അന്വേഷണം നടത്തിയത്.തുടർന്ന്, എറണാകുളം വിജിലൻസ് മുൻ ഡി.വൈ.എസ്.പി എം.എൻ രമേഷ് കുറ്റപത്രം സമർപ്പിച്ച കേസിലാണ് പ്രതിയായ മുഹമ്മദ് അഷറഫ് കുറ്റക്കാരനാണെന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി ഇന്ന് കണ്ടെത്തിയത്. പ്രോസിക്യൂഷന് വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർമാരായ കെ. ഉഷ കുമാരി, വി.എ സരിത എന്നിവർ ഹാജരായി.







