
കാർഗിൽ യുദ്ധവിജയ വാർഷികത്തിന്റെ ഭാഗമായി പാങ്ങോട് സൈനിക കേന്ദ്രവുമായി സഹകരിച്ച് ലുലു മാളിൽ സൈനിക ആയുധങ്ങളുടെയും വാഹനങ്ങളുടെയും പ്രദർശനം ആരംഭിച്ചു.
ഇന്ത്യൻ നിർമിത മീഡിയം മെഷീൻ ഗൺ, 18 കിലോമീറ്റർവരെ ദൂരത്തിൽ നിരീക്ഷണം സാധ്യമായ സർവയലൻസ് റഡാർ, രണ്ടു കിലോമീറ്റർവരെ പായുന്ന റഷ്യൻ നിർമിത ഡ്രഗുണോവ് സ്നൈപ്പർ റൈഫിൾ, സൗത്ത് ആഫ്രിക്കൻ നിർമിത മൾട്ടിഷോട്ട് ഗ്രനേഡ് ലോഞ്ചർ, അമേരിക്കൻ നിർമിത 7.62 എംഎം അസോൾട്ട് റൈഫിൾ, ശരീര ഊഷ്‌മാവിലൂടെ മനുഷ്യസാന്നിധ്യം മനസിലാക്കാനാവുന്ന ഇസ്രയേൽ നിർമിത ഹാൻഡ് ഹെൽഡ് തെർമൽ ഇമേജർ തുടങ്ങിയ ആധുനിക സൈനിക ആയുധങ്ങളാണ് പ്രദർശനത്തിനുള്ളത്. ഫിൻലൻഡ്, സ്വിറ്റ്സർലൻഡ്, സ്വീഡൻ എന്നിവിടങ്ങളിൽനിന്നും സേന വാങ്ങിയ ആയുധങ്ങളും സൈനിക വാഹനങ്ങളും പ്രദർശനത്തിലെ പ്രധാന ആകർഷകങ്ങളാണ്.
കാർഗിൽ യുദ്ധത്തിലെ സുപ്രധാന ഏടുകളും വീരമൃത്യു വരിച്ചവരും പരമോന്നത ബഹുമതി ലഭിച്ചവരുമായ സൈനികരുടെ വിവരങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രദർശനം ബുധനാഴ്ച സമാപിക്കും.










