
പ്ലസ് വൺ മുഖ്യ അലോട്ട്‌മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെ അപേക്ഷിക്കാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കുന്നതിനായി ജൂലൈ 8 ന് രാവിലെ 10 മുതൽ ഓൺലൈനായി അപേക്ഷ നൽകാം. സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള വേക്കൻസിയും മറ്റു വിവരങ്ങളും ജൂലൈ 8 ന് രാവിലെ 9 മണിക്ക് https: hscap.kerala.gov.in ൽ പ്രസിദ്ധീകരിക്കും.
നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികൾക്കും മുഖ്യഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും (നോൺ-ജോയിനിങ്ങ്) മെറിറ്റ് ക്വാട്ടയിൽ നിന്നും പ്രവേശനം ക്യാൻസൽ ചെയ്തവർക്കും ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് (റ്റി.സി) വാങ്ങിയവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കാൻ സാധിക്കില്ല.
ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ച ശേഷവും എല്ലാ അപേക്ഷകരും അപേക്ഷാവിവരങ്ങൾ പരിശോധിക്കണമെന്ന് അറിയിക്കുകയും ഓപ്ഷനുകൾ ഉൾപ്പടെ അപേക്ഷയിലെ ലോഗിൻ വിവരങ്ങൾ ഒഴികെ ഏതുവിവരവും തിരുത്തൽ വരുത്തുന്നതിന് സമയവും അനുവദിച്ചിരുന്നു. ഈ അവസരങ്ങളൊന്നും പ്രയോജനപ്പെടുത്താതെ തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സപ്ലിമെൻററി അലോട്ട്‌മെൻറിൽ പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്. അപേക്ഷകളിലെ പിഴവുകൾ തിരുത്തി വേണം പുതുക്കേണ്ടത്.






